രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കാനായി ജീവൻ ബലിയർപ്പിച്ച ധീര ജവാൻമാരെ അനുസ്മിരിക്കുന്ന കാർഗിൽ വിജയ് ദിവസ് ആണിന്ന്. ഇത്തരത്തിൽ രാജ്യത്തിന് വേണ്ടി പോരാടി കാർഗിലിൽ വീരമൃത്യു വരിച്ച ധീര ജവാന്മാരിൽ ഒരാളാണ് തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി ജെറി പ്രേംരാജ്. വിവാഹശേഷം മധുവിധു അവസാനിപ്പിച്ച് യുദ്ധമുഖത്തേക്ക് രാജ്യത്തിനും ജനതയ്‌ക്കും വേണ്ടി പോരാടാൻ ഇറങ്ങിയ ജീവിതയാത്രയാണ് ജെറി പ്രേംരാജിന്റേത്. രാജ്യത്തെ എല്ലാ പൗരന്മാർക്കും പ്രചോദനമാണ് 27-ാം വയസിൽ രാജ്യത്തിനായി ജീവൻ ബലികഴിപ്പിച്ച ഈ ധീരജവാന്റെ ജീവിത യാത്ര.
മരണത്തിലേക്കോ ജീവിതത്തിലേക്കോ എന്നറിയാതെ നിന്ന ദശാസന്ധി ഘട്ടത്തിലും രാജ്യത്തിന്റെ അഭിമാനമാണ് വലുതെന്ന് തീരുമാനിച്ച വ്യക്തിത്വമായിരുന്നു ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെത്. 1999 ജൂലൈ ഏഴിനായിരുന്നു ദ്രാസിലെ ടൈർ ഹിൽസ് തിരിച്ചു പിടിക്കുന്നതിനുള്ള പോരാട്ടത്തിനിടയിൽ ക്യാപ്റ്റൻ ജെറി പ്രേംരാജിന് വെടിയേൽക്കുന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും തളരാത്ത മനസുമായി അദ്ദേഹം മുന്നേറി. ശത്രു ബങ്കറുകൾ പൂർണമായും തകർത്തതിന് ശേഷമായിരുന്നു ധീര ജവാൻ വീരമൃതു വരിച്ചത്. ക്യാപ്റ്റർ ജെറി പ്രേംരാജിന്റെ വീരമൃത്യു ആത്മധൈര്യത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും പ്രതീകമാണെന്ന് നിസ്സംശയം
വിവാഹ അവധിയിലിരിക്കെയാണ് തിരികെ യുദ്ധഭൂമിയിലേക്ക് എത്തണമെന്ന വിളി വരുന്നത്. രാജ്യത്തിന് വേണ്ടി മറ്റൊന്നും ചിന്തിക്കാതെ ജവാൻ യുദ്ധഭൂമിയിലേക്ക് മടങ്ങി. എന്നാൽ തിരികെയെത്തിയത് ദേശീയപതാകയിൽ പൊതിഞ്ഞ് രാജ്യസ്‌നേഹം മുറുകെ പിടിച്ചുകൊണ്ടായിരുന്നു. ഒന്നാം വർഷ ബിരുദ പഠനത്തിനിടെയാണ് പ്രേംരാജിന് വ്യോമസേനയിൽ ജോലി ലഭിക്കുന്നത്. എന്നാൽ കരസേനയിൽ പ്രവർത്തിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ആറ് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ആ ആഗ്രഹം സഫലീകരിച്ചു. പിന്നീട് കാർഗിലിൽ നമുക്ക് നഷ്ടമായ 527 ധീരജവാന്മാരിൽ പ്രേംരാജും ഉണ്ടായിരുന്നു.
Comments