ബെംഗളൂരു: ശുചിമുറിയിൽ ഒളിക്യാമറ വെച്ച് സഹപാഠിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതിന് മൂന്ന് വിദ്യാർത്ഥിനികൾക്കെതിരെ പോലീസ് കേസെടുത്തു. ഉഡുപ്പി നേത്രജ്യോതി അലൈഡ് ഹെൽത്ത് സയൻസ് കോളേജിലെ ഷബ്‌നാസ്, ആൽഫിയ, അലീമ എന്നീ വിദ്യാർത്ഥിനികൾക്കെതിരെയാണ് കേസെടുത്തത്. വിദ്യാർത്ഥിനിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തുക, അത് ഡിലീറ്റ് ചെയ്ത് തെളിവ് നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് വിദ്യാർത്ഥിനികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
തന്റെ സ്വകാര്യദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ച് ജൂലൈ 18-നാണ് വിദ്യാർത്ഥിനി കോളേജ് അധികൃതർക്ക് പരാതി നൽകിയത്. ദൃശ്യങ്ങൾ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിക്കുന്ന വിവരമറിഞ്ഞതോടെയാണ് പെൺകുട്ടി മറ്റ് സുഹൃത്തുക്കളോട് വിവരം പറഞ്ഞത്. ഇവരാണ് വിഷയം കോളേജ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം തന്നെ മൂന്ന് പേരെയും കോളേജ് മാനേജ്‌മെന്റ് പുറത്താക്കുകയും ചെയ്തു.
കോളേജിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്നും ഇത് അനുസരിക്കാതെ മൊബൈൽ കൊണ്ടുവന്നതിനും വിഡിയോ ചിത്രീകരിച്ചതിനുമാണ് വിദ്യാർത്ഥിനികളെ പുറത്താക്കിയതെന്ന് കോളേജ് അധികൃതർ പറഞ്ഞു. വീഡിയോ പെൺകുട്ടിയുടെ മുമ്പിൽ വെച്ചുതന്നെ ഇവർ ഡിലീറ്റ് ചെയ്തതായും കോളേജ് അധികൃതർ വ്യക്തമാക്കി. ഇതിന് ശേഷമാണ് പെൺകുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടർന്ന് വിശദമായ അന്വേഷണത്തിന് ശേഷം വിദ്യാർത്ഥിനികൾക്കെതിരെ പോലീസ് കേസെടുത്തു.
Comments