കൊൽക്കത്ത : പശ്ചിമ ബംഗാളിലെ യൂണിവേഴ്സിറ്റികളിൽ വ്യത്യസ്തമായ നിയമനങ്ങൾ നടത്തി ധീരമായ നിലപാടുകളുമായി വീണ്ടും സ്‌കോർ ചെയ്ത് ബംഗാൾ ഗവർണ്ണർ സി വി ആനന്ദബോസ്. രബീന്ദ്രഭാരതി സർവകലാശാലക്കു പിന്നാലെ കൽക്കട്ട മദ്രസക്കും സി വി ആനന്ദ ബോസിന്റെ ഷോക്ക് ട്രീറ്റ്‌മെന്റ്.
കൽക്കട്ടയിലെ 273 വര്ഷം പഴക്കമുള്ള ആലിയ യൂണിവേഴ്സിറ്റിയിൽ മലയാളിയായ കുറ്റാന്വേഷണ വിദഗ്ധൻ ഐപിഎസ് ഓഫീസർ എം വഹാബാണ് വിസി ആയി നിയമിക്കപ്പെട്ടത്. നേരത്തെ രബീന്ദ്രഭാരതി സർവകലാശാലാ വിസിയായി കർണാടക ഹൈക്കോടതി റിട്ട. ചീഫ് ജസ്റ്റിസ് ശുഭ്രകമൽ മുഖർജിയെ ഗവർണർ നിയമിച്ചിരുന്നു. ഇതോടെ പശ്ചിമ ബംഗാളിലെ കുത്തഴിഞ്ഞ വിദ്യാഭ്യാസ രംഗം നന്നാക്കിയെടുക്കാനുള്ള ഗവർണറുടെ നീക്കങ്ങളുടെ ഗതിവേഗം വർധിച്ചിരിക്കുകയാണ്.
ഏഷ്യയിലെ ഏറ്റവും പഴക്കമേറിയതും ഇന്ത്യയിലെ ആദ്യത്തേതുമായ ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്ആലിയ യൂണിവേഴ്സിറ്റി (AU).ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഗവർണർ ജനറലായിരുന്ന വാറൻ ഹേസ്റ്റിംഗ്സ് 1780 ഒക്ടോബറിൽകൽക്കത്തയിലെ സീൽദായ്‌ക്കടുത്ത് സ്ഥാപിച്ചതാണ് ഇത് . ഇസ്ലാമിക് കോളേജ് ഓഫ് കൽക്കട്ട, കൽക്കട്ട മദ്രസ, കൽക്കട്ട മുഹമ്മദൻ കോളേജ്, മദ്രസ-ഇ-അലിയ എന്നിങ്ങനെ നിരവധി പേരുകളിൽ ഈ സ്ഥാപനം അറിയപ്പെട്ടു. 2008 ൽ സർവ്വകലാശാലയായി ഉയർത്തപ്പെട്ട ഈ സ്ഥാപനം അന്ന് മുതൽ വിവാദങ്ങളുടെ സഹയാത്രികയാണ്. വിദ്യാർത്ഥി സമരങ്ങളും അക്രമങ്ങളും നിറഞ്ഞ കലാപകലുഷിതമായ ക്യാംപസാണ് ഈ സർവ്വകലാശാലയുടെ പ്രത്യേകത.
2022 ൽ അന്നത്തെ വി സി ആയിരുന്ന മഹമ്മദ് അലിയെ തൃണമൂൽ കോൺഗ്രസ് ഛത്ര പരിഷത്തിന്റെ (ടിഎംസിപി) ഗുണ്ടകൾ വളഞ്ഞിട്ടാക്രമിച്ച സംഭവം ഉണ്ടായിട്ടുണ്ട്. ടിഎംസിപി നേതാവ് ജിയാസുദ്ദീൻ വി സിയെ ആക്രമിക്കാൻ തുനിയുന്ന വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. അതിനും മുൻപ് 2016-ൽ, അന്നത്തെ വൈസ് ചാൻസലറായിരുന്ന അബു തലേബ് ഖാന് കറുത്ത റോസാപ്പൂ നൽകിയതും വിവാദമായിരുന്നു.
അക്രമ സമരങ്ങളുടെ വാർത്തകൾ കൊണ്ട് എന്നും ശ്രദ്ധിക്കപെട്ട ക്യാംപസ് ആയിരുന്നു ആലിയ. തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗവും ,എസ് എഫ് ഐ യും മത്സരിച്ചായിരുന്നു ഇവിടെ അക്രമ സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.പരീക്ഷയിൽ തോറ്റ വിദ്യാർത്ഥികൾക്ക് ഗ്രെസ് മാർക്കും മോഡറേഷനും നൽകി വിജയിപ്പിക്കണമെന്ന വിചിത്രമായ ആവശ്യമുന്നയിച്ചു വിദ്യാർത്ഥി സംഘടനകൾ സമരം നടത്തിയതും ഈ ക്യാമ്പസിലാണ്. ഈ മത്സരത്തിനൊടുവിൽ തൃണമൂൽ കൊണ്ഗ്രെസ്സ് ഛാത്ര പരിഷത് മേൽക്കൈ നേടുകയായിരുന്നു.ആലിയ സർവകലാശാലയിൽ പ്രവേശനം ലഭിക്കുന്നവരിൽ 98 ശതമാനത്തിലധികം മുസ്ലീം വിദ്യാർത്ഥികളാണെന്നാണ് കണക്ക്.

കേരളാ പൊലീസിലെ മികച്ച ഒരു ഉദ്യോഗസ്ഥൻ എന്ന് പേരെടുത്ത ആളാണ് ശ്രീ എം വഹാബ്. ക്രൈം ബ്രാഞ്ചിലായിരിക്കുമ്പോൾ സങ്കീർണ്ണമായ പല കേസുകളുടെയും തുമ്പുണ്ടാക്കിയ ആളാണ് അദ്ദേഹം. ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് എരിക്കാവ് കുപ്രസിദ്ധമായ ഗീതാകുമാരി വധക്കേസ് അന്വേഷിച്ച് യദാർത്ഥ പ്രതികളെ കണ്ടു പിടിച്ചത് അദ്ദേഹത്തിന്റെ തൊപ്പിയിലെ പൊൻ തൂവലാണ്. പിന്നീട് പടിപടിയായി ഉയർന്നു വന്നു കേരളാ സർക്കാർ ഐ പി എസ് നൽകുകയായിരുന്നു. ഇദ്ദേഹം കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്.
എന്നാൽ സി വി ആനന്ദ ബോസിന്റെ നീക്കത്തിനെതിരെ ബംഗാളിലെ തൃണമൂൽ കോൺഗ്രസ്സും ,സിപിഎമ്മും ,കോൺഗ്രസ്സും ഒന്നിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാരിനെ വിശ്വാസത്തിലെടുക്കാതെയാണ് നിയമനങ്ങൾ എന്നാണ് ഭരണകക്ഷിയായ തൃണമൂല്‍ കോൺഗ്രസിന്റെ പരാതി.സിപിഎം നേതാവും കൊൽക്കത്ത മുൻ മേയറുമായ ബികാഷ് രഞ്ജൻ ഭട്ടാചാര്യ, കോൺഗ്രസ് നേതാവ് പ്രദീപ് ഭട്ടാചാര്യ എന്നിവർ വി സി നിയമനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചു.
അതിനിടെ എക്‌സ് ഒഫീഷ്യോ ചാൻസലർ എന്ന നിലയിൽ സംസ്ഥാനത്തെ 11 സർവകലാശാലകളിൽ താൽക്കാലിക വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസിന്റെ തീരുമാനം കൽക്കട്ട ഹൈക്കോടതി ശരിവച്ചു.ജാദവ്പൂർ സർവകലാശാല, കൽക്കട്ട സർവകലാശാല, കല്യാണി സർവകലാശാല, ബർദ്വാൻ സർവകലാശാല, സംസ്‌കൃത സർവകലാശാല, സിദ്ധോ-കൻഹോ-ബിർസ സർവകലാശാല, കാസി നസ്രുൾ സർവകലാശാല, ബാങ്കുര സർവകലാശാല, ബാബാസാഹെബ് അംബേദ്കർ വിദ്യാഭ്യാസ സർവകലാശാല, ഡയമണ്ട് ഹാർബർ വനിതാ സർവകലാശാല, ദക്ഷിണ് ദിനാജ്പൂർ എന്നിവയാണ് താത്കാലിക വൈസ് ചാൻസലർമാരെ നിയമിക്കാനായി ബംഗാൾ ഹൈക്കോടതി അനുവദിച്ച 11 സർവകലാശാലകൾ.
















Comments