കോഴിക്കോട്: വ്യക്തി നിയമങ്ങളിൽ മാറ്റം അനുവദിക്കില്ലെന്ന് സമസ്ത സംസ്ഥാന അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ഏകീകൃത സിവിൽ കോഡിനെതിരെ മുസ്ലീം കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കവെയാണ് അദ്ദേഹം ഇത് പറഞ്ഞത്. മത നിയമങ്ങൾ അംഗീകരിക്കണമെന്നും വ്യക്തി നിയമങ്ങളിൽ മാറ്റം അനുവദിക്കില്ലെന്നുമായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ വാദം.
പല സംസ്‌കാരങ്ങളും പലതരം ആചാരങ്ങളും പല മതസ്ഥരും ഇന്ത്യയിൽ ജീവിക്കുന്നുണ്ട്. മതത്തെ അറിയാത്തതുകൊണ്ടാണ് മതനിയമങ്ങളിൽ ഭേദഗതി കൊണ്ടുവരുന്നതും മത നിയമങ്ങൾ പരിഷ്‌ക്കരിക്കുന്നതും. മുസ്ലീം മതവിശ്വാസികൾക്ക് ഇന്ത്യയിൽ മുസ്ലീം ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കാൻ സാധിക്കണം. മതവിശ്വാസം അനുസരിച്ച് ജീവിക്കാനും മതമൂല്യങ്ങൾ ഉയർത്തി പിടിക്കാനും ജനങ്ങൾക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് തുരങ്കം വെയ്‌ക്കുന്ന നിയമങ്ങൾ വന്നാൽ സൗഹാർദം ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ മതസ്ഥരും തമ്മിൽ മനുഷ്യൻ എന്ന നിലയ്‌ക്കുള്ള സ്‌നേഹവും കൂട്ടിപ്പിടിക്കലുമാണ് നമ്മുടെ രാജ്യത്ത് ഉണ്ടാകേണ്ടത്. ഈ രാജ്യത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുകയാണ് വേണ്ടത്. സമാധാനവും പാരമ്പര്യവും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷം പേരുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
















Comments