ഒരു ജനതയെ മുഴുവനും ഇന്നും സ്വപ്‌നം കാണാൻ പഠിപ്പിക്കുന്ന മഹാവ്യക്തിത്വം ഡോ. എപിജെ അബ്ദുൽ കലാം വിട പറഞ്ഞിട്ട് ഇന്നേക്ക് എട്ട് വർഷം. രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചയിൽ നെടുംതൂണായി നിന്ന വ്യക്തിത്വമാണ് അദ്ദേഹമെന്ന് നിസംശയം പറയാനാകും. രാഷ്‌ട്രത്തിന്റെ യുവത്വത്തിന്റെ വികാസത്തിനും അവരെ സ്വപ്‌നം കാണാൻ പഠിപ്പിക്കുന്നതിനും അദ്ദേഹം മഹത്തായ സംഭാവനകൾ നൽകി.
ഇന്ത്യയിലെ യുവത്വത്തിന് ലാളിത്യം എന്തെന്നും സത്യസന്ധതയെന്തെന്നും ജീവിത മാർഗ്ഗം കാണിച്ചു തന്ന കർമനിരതനായ പ്രതിഭയായിരുന്നു അബുൽ കലാം. രാജ്യത്തിന്റെ രാഷ്‌ട്രപതി പദവിയിൽ ഇരിക്കുമ്പോൾ പോലും ചെറിയ കുട്ടികളോട് സംവദിക്കുകയും അദ്ദേഹത്തിന്റെ നിഷ്‌കളങ്കവും പ്രചോദനാത്മകവുമായ വാക്കുകളും പ്രവൃത്തിയും ഇന്നും ഏവർക്കും പ്രിയങ്കരമാണ്. മികച്ച അദ്ധ്യാപകൻ, ഗവേഷകൻ, എഴുത്തുകാരൻ എന്നിങ്ങനെ അനവധി വിശേഷണങ്ങളാണ് അദ്ദേഹത്തിനുള്ളത്.
രാമേശ്വരത്തെ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച ബാലൻ കഠിനാധ്വാനം കൊണ്ടും ആത്മബലം കൊണ്ടും ഇന്ന് രാജ്യം ആദരിക്കുന്ന വ്യക്തിയായി മാറി. അന്നത്തെ ബാലനിൽ നിന്നും ഇന്ത്യൻ മിസൈൽ സാങ്കേതിക വിദ്യയുടെ തലതൊട്ടപ്പനായി മാറിയ കഥ ഓരോ ഇന്ത്യൻ പൗരനും പ്രചോദനമാണ്. പ്രവർത്തന കാലയളവിൽ നിന്ന് വിശ്രമ ജീവിതത്തിലേക്ക് കടക്കുമ്പോഴും അദ്ദേഹം കർമ്മനിരതനായി പ്രവർത്തിച്ചുകൊണ്ടേയിരുന്നു. ജനിച്ചു വളർന്ന ചുറ്റുപാടുകൾ നമ്മെ ഒരിക്കലും പിന്നോട്ട് വലിക്കുന്ന ഘടകമാകരുതെന്ന അദ്ദേഹത്തിന്റെ വാക്കുകൾ അനേകായിരങ്ങൾക്ക് പ്രചോദനമായി മാറി.
ലോക രാജ്യങ്ങൾ ഇന്നും ഇന്ത്യയെ ബഹുമാനത്തോടെ ഉറ്റുനോക്കുന്ന പൊഖ്‌റാൻ 2 ആണവ പരീക്ഷണത്തിന് ചുക്കാൻ പിടിച്ച ശാസ്ത്രജ്ഞൻ കൂടിയായിരുന്നു അബ്ദുൽ കലാം. ഡിആർഡിഓ സെക്രട്ടറി ആയിരിക്കെയാണ് ഈ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ചത്. ഇതിനു പുറമേ ഐഎസ്ആർഒ തലവനായിരിക്കെ ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ചിങ് വാഹനം നിർമിച്ച കലാം ഇന്ത്യൻ മിസൈലുകളുടെ നിർമാണത്തിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ശാസ്ത്ര രംഗത്തെ മികവുകൾ പരിഗണിച്ച് രാജ്യം ഭാരതരത്ന പുരസ്‌കാരം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
1931 ഒക്ടോബർ 15-ന് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജൈനുലാബ്ദീന്റെയും ആഷിയമ്മയുടെയും ഇളയപുത്രനായാണ് അവുൽ പാകിർ ജൈനുലബ്ദീൻ അബ്ദുൽകലാം എന്ന ഡോ എപിജെ അബ്ദുൽ കാലമിന്റെ ജനനം. ആകാശങ്ങളിൽ പറക്കുക എന്നതായിരുന്നു കലാമിന്റെ സ്വപ്നം. ബാല്യ കാലത്ത് പത്രം വിറ്റ് നടന്ന് ഉൾപ്പെടെ നേടിയ ജീവിതാനുഭവങ്ങളായിരുന്നു അദ്ദേഹത്തിന്റെ പാഠപുസ്തകം. ഇവയെല്ലാം മികച്ച ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള പ്രചോദനമായി കലാം മാറ്റുകയായിരുന്നു. ലക്ഷ്യബോധവും കാമ്പുമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിന് വ്യാപാരനായിരുന്നു കലാം. ഐഐഎം ഷില്ലോംഗിൽ വിദ്യാർത്ഥികൾക്കായി ക്ലാസ് എടുത്ത് നൽകവെ കുഴഞ്ഞു വീണായിരുന്നു അന്ത്യം.
Comments