കോഴിക്കോട്: ശരിഅത്ത് പൊളിച്ചെഴുതപ്പെടണം എന്ന് ആവശ്യം മുന്നോട്ട് വെച്ച ചേകന്നൂർ മൗലവിയുടെ ‘ഖുറാനിലെ പിന്തുടർച്ച നിയമം; നിലവിലുള്ള ശരിഅത്തിന്റെ പൊളിച്ചെഴുത്ത്’ എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രകാശനത്തിന് തയ്യാറെടുക്കുന്നു. ചേകന്നൂർ മൗലവിയുടെ രക്തസാക്ഷിത്വം മൂന്ന് പതിറ്റാണ്ട് തികയുന്ന വേളയിലാണ് ഗ്രന്ഥം വീണ്ടും ചർച്ചയാകുന്നത്. ‘ദ ലോ ഓഫ് സക്‌സഷൻ ഇൻ ദ് ഖുറാൻ’ എന്ന പേരിൽ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് എച്ച്. മുഹമ്മദ് സ്വാലിഹാണ്. ചേകന്നൂർ സ്ഥാപിച്ച ഖുറാൻ സുന്നത്ത് സൊസൈറ്റിയാണ് പ്രസാധകർ. 33 വർഷം മുൻപാണ് ചേകന്നൂർ മൗലവി ഗ്രന്ഥം വിവർത്തനം ചെയ്യാനായി മുഹമ്മദ് സ്വാലിവിനെ ഏൽപ്പിച്ചത്. തുടർന്ന് പരിഭാഷകന്റെ മരണശേഷം അദ്ദേഹത്തിന്റെ ചെറുമകനാണ് പരിഭാഷ പ്രസാധകരെ ഏൽപ്പിച്ചത്. മുസ്ലീം വ്യക്തി നിയമത്തിൽ നിലനിൽക്കുന്ന നീതിരഹിതമായ വ്യവസ്ഥകൾ പൊളിച്ചെഴുതണമെന്നാവശ്യമാണ് ഗ്രന്ഥം മുന്നോട്ട് വെക്കുന്നത്. പി കെ മുഹമ്മദ് എന്ന ചേകന്നൂർ മൗലവി ഇന്ത്യയിലെ തന്നെ മികച്ച ഇസ്ലാമിക പണ്ഡിതരിൽ ഒരാളായിരുന്നു.
1993 ജൂലൈ 29-നാണ് ചേകന്നൂർ മൗലവിയെ കാണാതാവുന്നത്. എടപ്പാളിലെ വീട്ടിൽ നിന്നും മതപ്രഭാഷണത്തിനെന്ന് പറഞ്ഞാണ് രണ്ട് പേർ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകുന്നത്. കക്കാട് നിന്ന് അഞ്ച് പേർ വാഹനത്തിൽ കയറി അദ്ദേഹത്തെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് കണ്ടെത്തിയിരുന്നു. പുളിക്കൽ ചുവന്ന കുന്നിൽ മൃതദേഹം കുഴിച്ചിട്ടെന്നും അത് പിന്നീട് മാറ്റിയെന്നും വ്യക്തമായിരുന്നു. ക്രൈബ്രാഞ്ചും സിബിഐയും കേസ് അന്വേഷിച്ചു. കാന്തപുരം മുസ്ലല്യാരുമായി ബന്ധമുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപണമുയർന്നിരുന്നു. ഇസ്ലാമിനെ വ്യത്യസ്ത വീക്ഷണ കോണിലൂടെ വിശദീകരിച്ചതിന്റെ പേരിലാണ് ചേകന്നൂരിന് ശത്രുത നേരിടേണ്ടി വന്നതും കൊലപാതകത്തിന് കാരണമായതെന്നും വിലയിരുത്തുന്നു.
29 ന് നടക്കുന്ന ചേകന്നൂർ മൗലവി അനുസ്മരണ സമ്മേളത്തിൽ ഗ്രന്ഥം പ്രകാശനം ചെയ്യും. കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ ഡോ. ജലീൽ പൊറ്റക്കാട് എ.പി അഹമ്മദിൽ നിന്ന് ആദ്യ പ്രതി ഏറ്റു വാങ്ങും. അനുമരണ സമ്മേളനവും- മത ഭീകരത വിരുദ്ധ ദിനാചരണവും പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂർ ഉദ്ഘാടനം ചെയ്യും.
















Comments