തിരുവനന്തപുരം: മുഖ്യമന്ത്രി ഉൾപ്പെടെ വിഐപികൾ പങ്കെടുക്കുന്ന പരിപാടികളിലെ മൈക്ക് നേരിട്ടെത്തി പരിശോധിക്കാൻ പോലീസ്. ഇത് സംബന്ധിച്ച് മാനദണ്ഡം രൂപീകരിക്കാൻ തീരുമാനിച്ചതായി പോലീസ് അറിയിച്ചു. ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത് സംസാരിക്കവെ മൈക്ക് പണിമുടക്കിയത് വിവാദമായതിനെ തുടർന്നാണ് പുതിയ തീരുമാനം. ഇനി മുതൽ വിഐപി പരിപാടികളിൽ മൈക്ക് സൂക്ഷിക്കുന്നതും പൊലീസിന്റെ മേൽനോട്ടത്തിലാകും.
മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെട്ടതിന് എടുത്ത മൈക്ക് കേസ് അവസാനിപ്പിച്ച് പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. മൈക്കിന്റെ തകരാറിന് കാരണം സാങ്കേതിക പ്രശ്‌നമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെകടർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയെന്നാവും കോടതിയിൽ റിപ്പോർട്ട് നൽകുക. അതിനാൽ അന്വേഷണം അവസാനിപ്പിക്കുന്നതായും കന്റോൺമെന്റ് പോലീസ് അറിയിക്കും.
ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തിനിടെ മൈക്ക് തകരാറിലായതിനായിരുന്നു കേസടുത്തത്. ഇതിന് പുറമെ മൈക്ക് ഓപ്പറേറ്റർ വട്ടിയൂർക്കാവിലെ എസ്വി സൗണ്ട്‌സ് ഉടമ രഞ്ജിത്തിൽ നിന്നും മൈക്കും ആംപ്‌ളിഫൈയറും കേബിളുകളും പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയും ചെയ്തത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംഭവം വലിയ നാണക്കേട് ആയതോടെ മുഖ്യമന്ത്രി ഇടപെട്ട് തുടർനടപടികൾ അവസാനിപ്പിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
Comments