നെഹ്‌റു ട്രോഫി വള്ളംകളി ലോഗോയുടെ വിധി നിർണയത്തിനെതിരെ വ്യാപകമായി ട്രോളുകളും വിമർശനങ്ങളും. മികച്ച എൻട്രികൾ തഴയപ്പെട്ടു എന്ന തരത്തിലുള്ള ആരോപണമാണ് ഉയരുന്നത്. 500-ൽ അധികം എൻട്രികളിൽ നിന്നും ആണ് ഭാഗ്യശാലികളെ തിരഞ്ഞെടുത്തത്. 2016-ലെ വള്ളത്തിന് മുകളിൽ തുഴയുമായി നിൽക്കുന്ന ആനക്കുട്ടിയുടെ ചിഹ്നം ചെറിയ മാറ്റങ്ങൾ വരുത്തിയാണ് 2023-ലും അവതരിപ്പിച്ചിരിക്കുന്നതെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന വിമർശനം.
2014 മുതലുള്ള ലോഗോ എല്ലാം തന്നെ വള്ളം കളിയുമായി ബന്ധപ്പെട്ടതോ കലാമൂല്യം ഉള്ളതോ അല്ല എന്ന തരത്തിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. വള്ളം കളി ലോകശ്രദ്ധ ആകർഷിച്ചിട്ടും ഭാഗ്യചിഹ്നത്തിന് വേണ്ടത്ര നിലവാരം ഇല്ല എന്ന വിമർശനമാണ് വള്ളംകളി പ്രേമികൾക്കും കലാകാരന്മാർക്കും ഇടയിലുള്ളത്. ഭാഗ്യചിഹ്നത്തിനോ സംഘാടനത്തിനോ പുതിയ കാലത്തിന് അനുസൃതമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല എന്നാണ് വിമർശനം ഉയരുന്നത്.
ഓഗസ്റ്റ് 12-ന് നടക്കുന്ന 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനങ്ങൾ ഉയരുന്നത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തോമസ് കെ. തോമസ് എം.എൽ.എയും സിനിമ- സീരിയൽ താരം ഗായത്രി അരുണും ചേർന്ന് എൻ.ടി.ബി.ആർ. സൊസൈറ്റി ചെയർപേഴ്സണായ ജില്ല കളക്ടർ ഹരിത വി. കുമാറിന് നൽകിയായിരുന്നു ഭാഗ്യചിഹ്നത്തിന്റെ പ്രകാശനം നിർവഹിച്ചത്. വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാനയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം.
















Comments