എറണാകുളം: റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് മരണപ്പെട്ട കോളേജ് വിദ്യാർത്ഥിനി നമിതയ്‌ക്ക് ഇന്ന് ഇരുപതാം പിറന്നാൾ. നമിത ഒപ്പമില്ലെന്ന് വിശ്വസിക്കാൻ കുടുംബത്തിന് ഇപ്പോഴും ആയിട്ടില്ല. ബികോം പഠനത്തിന് ശേഷം സിഎ പഠിക്കാനാണ് നമിത ആഗ്രഹിച്ചിരുന്നത്. എന്നാൽ ഇന്ന്് മകളെ നഷ്ടപ്പെട്ട സങ്കടമാണ് വീട്ടിൽ നിഴലിക്കുന്നത്.
അതേസമയം പ്രതിയുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. നരഹത്യ ഉൾപ്പടെയുളള വകുപ്പുകൾ ചുമത്തിയാണ് ആൻസണെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. പല സ്റ്റേഷനുകളിലായി പത്തിലധികം കേസുകൾ പ്രതിക്കെതിരെ ഉണ്ട്. നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ആൻസൺ. സംഭവത്തിൽ പ്രതി ആൻസൺ ജോയ്‌ക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
അപകടം നടന്ന സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്നതടക്കം കണ്ടുപിടിക്കാൻ പോലീസ് അന്വേഷണം ആരംഭിച്ചു. ഒപ്പം ഇയാൾക്കെതിരെ കാപ്പാ ചുമത്താനും നടപടികൾ ആരംഭിച്ചിട്ടുണ്ട്. പ്രതി ഓടിച്ചിരുന്ന ബൈക്കിന് സാങ്കേതിക തകരാർ ഇല്ലെന്നും മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അമിത വേഗത തന്നെയാണ് നമിതയുടെ ജീവനെടുത്തത് എന്ന് ഇതോടെ വ്യക്തമാവുകയായിരുന്നു.
















Comments