കൊല്ലം : കടയ്‌ക്കലിൽ വീടിന് മുകളിലേക്ക് കല്ലേറ്. പുറത്തിറങ്ങി നോക്കുമ്പോൾ മുറ്റത്ത് കിടക്കുന്നത് കല്ലുകളും നാണയങ്ങളും 500 രൂപ നോട്ടുകളുമാണ്. സംഭവത്തിൽ രണ്ട് ദിവസം കൊണ്ട് കുടുംബത്തിന്റെ കയ്യിൽ എത്തിയത് 8,900 രൂപ. കിട്ടിയ തുക ഉടൻ തന്നെ പോലീസിനെ ഏൽപ്പിച്ചെങ്കിലും കുടുംബത്തിന്റെ ഭീതി ഇനിയും മാറിയിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയോളമായി കടയ്‌ക്കൽ ആനപ്പാറ സ്വദേശി രാജേഷിന്റെ വീട്ടിൽ നടക്കുന്ന സംഭവമാണിത്.
സംഭവത്തിന് പിന്നാലെ പോലീസ് എത്തി പരിശോധന നടത്തിയെങ്കിലും ആരാണ് ഇതിന് പിന്നിലെന്നത് സംബന്ധിച്ച് തുമ്പുകളൊന്നും കിട്ടിയിട്ടില്ല. ജനപ്രതിനിധികളും പ്രദേശവാസികളും വീട്ടിൽ നിൽക്കുമ്പോഴും വീടിന് മുകളിലെ ആസ്ബറ്റോസ് ഷീറ്റിൽ കല്ല് വീണു. എന്നാൽ പ്രദേശത്ത് നിന്ന് ആരെയും കണ്ടെത്താനായില്ല.
രാജേഷ് മൂന്ന് മാസം മുൻപാണ് വിദേശത്തേക്ക് ജോലി തേടി പോയത്. ഭാര്യ പ്രസീദയും മക്കളുമാണ് ഇവിടെ താമസം. പ്രസീദയുടെ അച്ഛൻ പുഷ്‌കരനും അമ്മയും ഇവർക്കൊപ്പമുണ്ട്. കടയ്‌ക്കൽ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടും സംഭവം തുടരുകയാണ്.
Comments