ന്യൂഡൽഹി: ഇന്ത്യ വിശ്വസനീയമായ വികസന പങ്കാളിയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പ്രധാനമന്ത്രിയുടെ ആഗ്രഹം പോലെ ഇന്ത്യയെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങളാണ് തങ്ങൾ നടത്തിവരുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എസ് ജയശങ്കർ.
‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശസന്ദർശന വേളയിൽ നടന്ന കരാറുകളിലൂടെ മികച്ച റിസർട്ടാണ് ഇന്ത്യയ്‌ക്ക് ലഭ്യമാകുന്നത്. ലോകമെമ്പാടുമുള്ള പ്രഗത്ഭരായവരെ ഇന്ത്യയ്‌ക്കും ലഭിച്ചിട്ടുണ്ട്. ഇന്ത്യ ഇന്ന് വിശ്വസനീയവും ഫലപ്രദവുമായ വികസന പങ്കാളിയാണ്. 78 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നതാണ് ഇന്ത്യയുടെ വികസന പങ്കാളിത്തം. വിദേശ യാത്രകളിൽ വിദേശ പങ്കാളികളെ ഞങ്ങൾ കാണാറുണ്ട്. ഇന്ത്യയുടെ ജനകേന്ദ്രീകൃത വിദേശനയം സമൂഹത്തിന്റെ ആവശ്യങ്ങളും അഭിലാഷങ്ങളുമാണ് നിറവേറ്റുന്നത്.
‘മനുഷ്യരാശി നേരിടുന്ന വെല്ലുവിളികളാണ് ജി 20 ഉച്ചക്കോടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എല്ലാവരുടെയും സമാധാനത്തിന്റെയും സുരക്ഷയുടെയും സമൃദ്ധിയുടെയും ശബ്ദമായി ഇന്ത്യ സംസാരിക്കും. ആഗോള നന്മയ്‌ക്കും സ്ഥിരതയ്‌ക്കും വേണ്ടി പ്രവർത്തിക്കുമ്പോൾ നമ്മുടെ ദേശീയ താൽപ്പര്യങ്ങൾ ശക്തമായി സംരക്ഷിക്കാനും ഞങ്ങൾ പ്രയത്‌നിക്കുന്നു. സെപ്റ്റംബറിൽ ഇന്ത്യ ജി20 ഉച്ചകോടിയ്‌ക്ക് ആതിഥേയത്വം വഹിക്കും. രാജ്യത്തിന്റെ വിദേശനയം ശക്തിപ്പെടുത്തുന്നതിനും പ്രധാനമന്ത്രിയുടെ ആഗ്രഹം സാക്ഷാത്കരിക്കുന്നതിനും ജി20 ഉച്ചകോടി സാക്ഷ്യം വഹിക്കുന്നതായിരിക്കും’ കേന്ദ്രമന്ത്രി പറഞ്ഞു.
Comments