തിരുവനന്തപുരം: ഭക്ഷ്യ വകുപ്പിന് ധനവകുപ്പ് പണം നൽകുന്നില്ലെന്ന പരാതിയുമായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. ഇത് സംബന്ധിച്ച് മന്ത്രി ഇടത് മുന്നണിയ്‌ക്ക് പരാതി നൽകി. സിപിഐ മന്ത്രിമാരെ ധനവകുപ്പ് അവഗണിക്കുന്നു. സപ്ലൈകോയുടെ കുടിശ്ശിക തീർക്കാൻ പോലും ധനവകുപ്പ് മതിയായ പണം അനുവദിക്കുന്നില്ല. എന്നാൽ സിപിഎം മന്ത്രിമാരുടെ വകുപ്പിന് ഈ അവസ്ഥയില്ലെന്നുമാണ് അനിൽ ഉന്നയിക്കുന്ന ആക്ഷേപം.
ഈ സീസണിലെ നെല്ലുസംഭരണത്തിനുള്ള തുക ഉൾപ്പെടെ 4416 കോടി രൂപയാണ് സപ്ലൈകോയ്‌ക്ക് സർക്കാർ നൽകാനുള്ള കുടിശ്ശിക. ഇത് പോലും നൽകാൻ ധനവകുപ്പ് തയ്യാറാകുന്നില്ലായെന്നാണ് പരാതി. ഭക്ഷ്യവകുപ്പിന് പണമനുവദിക്കാൻ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന മന്ത്രിതലയോഗത്തിലെ തീരുമാനങ്ങൾ ഇതുവരെ നടപ്പിലായിട്ടില്ല. ആവശ്യം ഉന്നയിച്ച് മന്ത്രി കെഎൻ ബാലഗോപാലിനെ നാല് തവണ ജിആർ അനിൽ കണ്ടിരുന്നു. എന്നാൽ ഒടുവിൽ 250 കോടി രൂപ മാത്രമാണ് അനുവദിച്ചത്.
എന്നാൽ അനുവദിച്ച തുകയിൽ 180 കോടിയും നെല്ല് സംഭരണത്തിനായാണ് എന്നതാണ് വാസ്തവം. ഓണക്കാലത്തേക്കുമാത്രം സപ്ലൈകോയ്‌ക്ക് 600-700 കോടി രൂപ ചെലവുവരും. എന്നാൽ ഇതുവരെ 140 കോടി മാത്രമാണ് ലഭിച്ചത്. എന്നാൽ ഇതിൽ 70 കോടി ബജറ്റിൽ സപ്ലൈയ്‌കോയ്‌ക്ക് അനുവദിച്ച 190 കോടി രൂപയിൽ നിന്നാണ്.
സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഓണക്കാലത്തെ ചെലവിനായി 2000 രൂപ കടമെടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ലേലം നാളെ മുംബൈയിൽ റിസർവ് ബാങ്കിൽ നടക്കും.
















Comments