തൃശൂർ: വീണ്ടും മലക്കം മറിഞ്ഞ് ആലുവയിൽ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ ശേഷക്രിയ ചെയ്യാൻ പൂജാരിമാർ തയ്യാറായില്ലെന്ന് ആരോപണം ഉന്നയിച്ച രേവദ് ബാബൂ. തനിക്ക് പൂജ അറിയില്ലെന്നും അവിടെ എത്തിച്ചിരുന്ന പുഷ്പവും അരിയും അർപ്പിക്കുക മാത്രമാണ് ചെയ്തതെന്നും രേവദ് പറഞ്ഞു. ഹിന്ദിക്കാരി ആയതിനാൽ ശേഷക്രിയ ചെയ്യാൻ സാധിക്കില്ലെന്ന് താൻ സമീപിച്ച ഒരു പൂജാരിമാരും പറഞ്ഞിട്ടില്ലെന്നും രേവദ് ആവർത്തിച്ചു. അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നതിനാൽ ശേഷക്രിയ ചെയ്യാൻ പാടില്ല എന്നുമാത്രമാണ് അവർ പറഞ്ഞത്. പൂജാരിമാർ വിസമ്മതിച്ചു എന്നതരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും രേവദ് പറഞ്ഞു. തന്റെ പ്രതികരണം തെറ്റായി പോയെങ്കിൽ പൂജാരി സമൂഹത്തോട് മാപ്പ് പറയുന്നതായും രേവദ് ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ശ്രീചേറായിയുമായുള്ള ഫോൺ സംഭാഷണത്തിലാണ് താൻ പറഞ്ഞകാര്യങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് രേവദ് ആദ്യം തുറന്നു പറഞ്ഞത്. ചെറിയ കുട്ടികൾക്ക് സാധാരണയായി ശേഷക്രിയ ചെയ്യാറില്ല എന്നാണ് പൂജാരിമാർ പറഞ്ഞതെന്നും താൻ സമീപിച്ച എല്ലാ പൂജാരിമാരും ഇതുതന്നെ ആവർത്തിച്ചതായും സംഭാഷണത്തിൽ രേവദ് പറഞ്ഞു. അല്ലാതെ ഹിന്ദിക്കാരി ആയതിനാൽ ശേഷക്രിയകൾ ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചു എന്ന് താൻ പറഞ്ഞതായി പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമല്ലെന്നും രേവദ് വ്യക്തമാക്കി. പിന്നാലെയാണ് താൻ ആദ്യം പറഞ്ഞതെല്ലാം കളവാണെന്ന് വ്യക്തമാക്കി കുറ്റസമ്മതവുമായി രേവദ് നേരിട്ട് രംഗത്തുവന്നത്.
വീഡിയോ>>>
https://www.facebook.com/100069604681862/videos/104721086050835/
ശ്രദ്ധ പിടിച്ചുപറ്റാനായി മുൻപും നിരവധി വിവാദ വിഷയങ്ങളിൽ ഇടപെട്ടിട്ടുള്ള വ്യക്തിയാണ് തൃശൂർ ചാലക്കുടി സ്വദേശിയായ രേവദ് ബാബു. അരിക്കൊമ്പനെ കേരളത്തിൽ എത്തിക്കാൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പദയാത്ര നടത്തുന്നതായി പ്രഖ്യാപിച്ച് ഇയാൾ രംഗത്തുവന്നിരുന്നു. ഇതിന്റെ ചിത്രങ്ങളും സാമൂഹിക മാദ്ധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ ശേഷക്രിയകൾ ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചതായി രേവദ് ബാബു ആരോപിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഹിന്ദിക്കാരി ആയതിനാൽ പൂജാരിമാർ കർമ്മങ്ങൾ ചെയ്യാൻ വിസമ്മതിച്ചതായും അതിനാൽ താൻ ശേഷക്രിയകൾ നടത്താൻ മുൻകൈ എടുക്കുകയായിരുന്നു എന്നും വീഡിയോയിൽ രേവദ് ആരോപിച്ചിരുന്നു. എന്നാൽ വിഷയം വിവാദമായതോടെ താൻ കളവാണ് പറഞ്ഞതെന്ന് രേവദ് ബാബു സമ്മതിക്കുകയായിരുന്നു.
















Comments