ഓരോ അപ്‌ഡേഷനിലൂടെയും മികച്ച സവിശേഷതകൾ ഉപഭോക്താക്കൾക്ക് നൽകുന്നതിൽ മുന്നിൽ നിൽക്കുന്ന സാമൂഹ്യമാദ്ധ്യമ പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. ഇപ്പോഴിതാ പുതിയൊരു ഫീച്ചറും കൂടി വാട്‌സ്ആപ്പ് ഉപഭോക്താക്കളിൽ എത്തിയ്‌ക്കുകയാണ്. ടെക്‌സറ്റ് മെസേജുകളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ എളുപ്പത്തിൽ ആശയവിനിമയം നടത്തുന്നതിന് സഹായിക്കുന്ന ഷോർട്ട് വീഡിയോ മെസേജ് എന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് പുതുതായി ഇറക്കിയിരിക്കുന്നത്.
വോയിസ് മെസേജുകൾ അയക്കുന്നത് പോലെ എളുപ്പത്തിൽ ചെറു വീഡിയോകൾ അയയ്‌ക്കാൻ ഈ ഫീച്ചർ വളരെ സഹായകമാണ്. അതോടൊപ്പം രസകരവുമാകും. ഒരു മിനിറ്റ് ദൈർഘ്യമുള്ള ചെറു വീഡിയോയാണ് വാട്‌സ്ആപ്പിലൂടെ അയയ്‌ക്കാൻ സാധിക്കുക. വാട്‌സആപ്പ് ചാറ്റിനിടയിൽ തന്നെ തത്സമയ കാഴ്ചകളും സംഭവങ്ങളും വീഡിയോ എടുത്ത് അയക്കാം. ആശംസകൾ നേരുന്നതിനോ ചുറ്റുമുള്ള കാര്യങ്ങൾ ഉടൻ തന്നെ മറ്റുള്ളവരെ അറിയിക്കുന്നതിനോ വീഡിയോ മെസേജ് സഹായിക്കും.
എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ചാണ് വീഡിയോ മെസേജുകൾ അയയ്‌ക്കുന്നത്. അതുകൊണ്ട് അയയ്‌ക്കുന്ന വ്യക്തിയ്‌ക്കും സ്വീകരിക്കുന്ന വ്യക്തിയ്‌ക്കുമല്ലാതെ വാട്‌സ്ആപ്പിന് പോലും ഇതിലേക്ക് ആക്‌സസ് ലഭിക്കില്ല. അതിനാൽ ഉപഭോക്താക്കളുടെ മെസേജുകൾ പൂർണമായും സുരക്ഷിതമായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
വീഡിയോ മെസേജ് അയയ്‌ക്കാൻ ആദ്യം ചെയ്യേണ്ടത്,
1) വാട്‌സ്ആപ്പ് ചാറ്റ് ലിസ്റ്റിൽ ആർക്കാണോ വീഡിയോ മെസേജ് അയക്കേണ്ടത് അവരുടെ ചാറ്റ് തുറക്കുക
2) ടെക്സ്റ്റ് ഫീൽഡിന് അടുത്തുള്ള മൈക്രോഫോൺ ഐക്കണിൽ ടാപ്പ് ചെയ്യുക
3) വീഡിയോ മെസേജ് എടുക്കുന്നതിനായി വീഡിയോ ക്യാമറ ഐക്കണിൽ ടാപ്പ് ചെയ്യുക
4) വീഡിയോ മെസേജ് എടുക്കുന്നതിനായി വീഡിയോ ബട്ടൺ അമർത്തിപ്പിടിക്കുക
5) വീഡിയോ റെക്കോർഡിംഗ് നിർത്തുമ്പോൾ വീഡിയോ മെസേജ് ഓട്ടോമാറ്റിക്കായി സെൻഡാകും
6) ചാറ്റ് തുറക്കുമ്പോൾ വീഡിയോ മെസേജുകൾ ശബ്ദ്മില്ലാതെ ഓട്ടോമാറ്റിക്കായി ചാറ്റിൽ പ്ലേ ചെയ്യപ്പെടും
















Comments