തിരുവനന്തപുരം: നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് നേരെ അതിക്രമം. വ്യാഴാഴ്ച രാത്രി 11 മണിയോടു കൂടെയാണ് സംഭവം. ലാബ് ജീവനക്കാരെ അസഭ്യം വിളിക്കുകയും സെക്യൂരിറ്റി ജീവനക്കാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത മൂന്നുപേരെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. കരകുളം സ്വദേശികളായ നവാസ് (43), എസ് ഷമീര്‍ (30), ബി മുഹമ്മദ് റാഫ് (45) എന്നിവരാണ് അറസ്റ്റിലായത്.
മൂക്കില്‍നിന്ന് രക്തം വന്ന മുളമുക്ക് സ്വദേശിയായ രോഗിയെ ഇവർ വ്യാഴാഴ്ച രാത്രി ആശുപത്രിയിൽ എത്തിച്ചിരുന്നു. ഡോക്ടര്‍ രോഗിയെ പരിശോധിച്ച ശേഷം രക്തം പരിശോധിക്കാന്‍ ലാബിലേക്കും അയക്കുകയായിരുന്നു. ഇവർ ലാബിൽ എത്തിയപ്പോൾ ലാബ് അസിസ്റ്റന്റ് ബ്ലഡ് ബാങ്കിലേക്ക് പോയിരിക്കുകയായിരുന്നു. സർജറിക്ക് വിധേയമാകുന്ന മറ്റൊരു രോഗിക്ക് അത്യാവശ്യമായി ബ്ലഡ് ഏര്‍പ്പാട് ആക്കാനായിരുന്നു ലാബ് അസിസ്റ്റന്റ് പോയിരുന്നത്. കുറച്ച് സമയം കാത്തിരിക്കാൻ ലാബിൽ ഉണ്ടായിരുന്ന മറ്റൊരു ജീവനക്കാരി പറയുകയും ചെയ്തു. ഇതിൽ പ്രകോപിതരായ മൂവർ സംഘം ലാബില്‍ അതിക്രമിച്ച് കയറി അവിടെ ഉണ്ടായിരുന്ന ജീവനക്കാരിയെ അസഭ്യം പറഞ്ഞു.
ഈ സമയത്ത് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരായ അനീഷ്, വിജു കുമാര്‍ എന്നിവര്‍ അവിടെയെത്തി അക്രമികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാൽ പ്രതികൾ ജീലനക്കാരെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. തുടർന്നുണ്ടായ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നവാസിനെ ഉടൻ തന്നെ കസ്റ്റഡിയെടുത്തു. മറ്റ് രണ്ട് പേരെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.
















Comments