കോട്ടയം: ഗണപതി ഭഗവാനെ അധിക്ഷേപിച്ച സ്പീക്കർ എഎൻ ഷംസീറിന്റെ വിവാദ പരാമർശത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ എൻഎസ്എസ്. അടിയന്തിര പ്രതിനിധി സഭയും ഡയറക്ടർ ബോർഡും ഇന്ന് ചേരും. രാവിലെ 11-ന് എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗവും 11.30-ന് ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗവും ചേരും. പരാമർശത്തിൽ സ്പീക്കർ മാപ്പ് പറയണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് എൻഎസ്എസ്.
തുടർ സമരരീതികൾ ഇന്നത്തെ യോഗത്തിൽ തീരുമാനമാകുമെന്നാണ് വിവരം. എൻഎസ്എസ് ആഹ്വാനം ചെയ്ത വിശ്വാസ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി നടന്ന നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത വിഷയവും ചർച്ച ചെയ്യും. പ്രതിഷേധത്തിൽ ഇതര സംഘടനകളുമായി ചേരണമോ എന്ന കാര്യത്തിലും ഇന്ന് വ്യക്തത വരും. വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു.
നാമജപ ഘോഷയാത്ര നടത്തിയതിനെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ജസ്റ്റിസ് രാജ വിജയരാഘവൻ ഹർജി തിങ്കളാഴ്ച പരിഗണിച്ചേക്കും.
















Comments