മലപ്പുറം: മാനവസേവ മാധവസേവ, ജനസേവ ജനാർദ്ദനസേവയെന്ന് തത്വത്തിൽ അടിയുറച്ച് വിശ്വസിക്കുന്നയാളാണ് മലപ്പുറം അങ്ങാടിപ്പുറം സ്വദേശി സദാനന്ദൻ നെടുങ്ങാടി. സേവാഭാരതിയുടെ സേവന ഗാഥകൾ കേട്ടറിഞ്ഞ് അദ്ദേഹം അതിന്റെ ഭാഗമായി മാറിയത് പ്രവാസം ജീവിത്തിന് ശേഷമാണ്. സൗദിയിലെ ജോലിചെയ്ത് സമ്പാദിച്ച 40 ലക്ഷം വിലമതിക്കുന്ന 43 സെന്റ് ഭൂമി സേവാഭാരതിക്ക് നൽകി മാതൃകയായിരിക്കുകയാണ് അദ്ദേഹവും കുടുംബവും.
പൂന്താനത്തിന്റെ ജന്മസ്ഥലത്തിനടുത്താണ് ഈ സ്ഥലം. പെരിന്തൽമണ്ണ രജിസ്ട്രാർ ഓഫീസിൽ കൈമാറ്റ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ആർഎസ്എസിന്റെ ജന്മശതാബ്ദി വർഷമായ 2025 ആകുമ്പോഴേക്കും സേവാഭാരതിയുടെ നേതൃത്വത്തിൽ ഒരു സേവാകേന്ദ്രം നിർമ്മിക്കാനാണ് അദ്ദേഹം ഈ സ്ഥലം വിട്ട് നൽകിയത്. അങ്ങാടിപ്പുറം സേവാഭാരതി പഞ്ചായത്ത് സമിതിയുടെ അദ്ധ്യക്ഷനായി പ്രവർത്തിക്കുകയാണ് അദ്ദേഹം.
സൗദിയിൽ അരാംകോ എന്ന പെട്രോളിയം കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു സദാനന്ദൻ. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ എത്തിയപ്പോഴാണ് സേവാഭാരതിയെ സദാനന്ദൻ കൂടുതൽ അടുത്തറിഞ്ഞത്. പ്രവർത്തകരുമായി ബന്ധപ്പെടുകയും പിന്നീടങ്ങ് സേവനങ്ങളുടെ ഭാഗമാവുകയുമാതിരുന്നു. നിലവിൽ അങ്ങാടിപ്പുറം സേവാഭാരതി പഞ്ചായത്ത് സമിതിയുടെ അദ്ധ്യക്ഷനായാണ് പ്രവർത്തിക്കുന്നത്. സദാനന്ദൻ നെടുങ്ങാടിക്ക് എല്ലാവിധ പിന്തുണയുമായി ഭാര്യ കൃഷ്ണകുമാരി കോവിലമ്മയും ഏക മകൾ സുകൃതയും കൂട്ടിനുണ്ട്. മകൾ സുകൃത കൊയമ്പത്തൂരിൽ സ്ഥിരതാമസമാണ്.
Comments