ആലപ്പുഴ: കണ്ടിയൂരിൽ കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. വീട്ടിലേക്ക് കയറ്റുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് മാവേലിക്കര പുളിമൂട് സ്വദേശി കൃഷ്ണ പ്രകാശ് (35) ആണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി 12.30 നായിരുന്നു സംഭവം.
അപകട കാരണം ഷോർട്ട് സർക്യൂട്ട് ആകാനുള്ള സാദ്ധ്യത മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തള്ളിക്കളയുകയാണ്. ഷോർട് സർക്യൂട്ട് ഉണ്ടായാൽ എൻജിൻ ഭാഗത്ത് നിന്നും പിന്നിലേക്ക് തീ പടരേണ്ടതാണ്. എന്നാൽ എഞ്ചിൻ ഭാഗത്ത് പ്രശ്നമില്ല. കാറിന്റെ ഫ്യൂസ് കത്തിപ്പോയിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്..
കാറിനുള്ളിൽ നിന്നും ഒരു സിഗരറ്റ് ലാമ്പ് ലഭിച്ചതും സംശയം ബലപ്പെടുത്തുന്നു. കൃഷ്ണപ്രകാശ് ഇൻഹേലർ ഉപയോഗിക്കുന്ന ആളാണെന്ന് വ്യക്തമായിട്ടുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൃത്യമായ കാരണം ഫോറൻസിക് പരിശോധന വഴി മാത്രമേ മനസിലാക്കാനാകൂ. വിദഗ്‌ദ്ധർ വാഹനം പരിശോധിക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
മാവേലിക്കര ഗേൾസ് സ്‌കൂളിന് സമീപം ഒരു കമ്പ്യൂട്ടർ സെന്റർ നടത്തി വരികയായിരുന്നു മരിച്ച കൃഷ്ണപ്രകാശ്. കണ്ടിയൂർ കാരാഴ്മ കിണറ്റും കാട്ടിലെ വീട്ടിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു യുവാവ്. ഈ വീട്ടിലേക്ക് കാർ കയറ്റുന്നിടയിലാണ് പൊട്ടിത്തെറിയുണ്ടായത്. തീ പടരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തി അണയ്‌ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്‌നിരക്ഷാ സേനയും പോലീസും ചേർന്നാണ് തീയണച്ചത്. അപ്പോഴേക്കും കൃഷ്ണപ്രകാശ് മരിച്ചിരുന്നു.
Comments