തിരുവനന്തപുരം: പാറശാലയിൽ വീടിന് സമീപത്തെ പുറമ്പോക്ക് വസ്തുവിൽ നിൽക്കുന്ന തെങ്ങിൽ നിന്ന് വീണ തേങ്ങയെടുത്തതിന് അമ്മയ്‌ക്കും മകനും നേരെ മർദ്ദനം. അമ്മയെയും മകനെയും സമീപവാസി മർദ്ദിച്ചതായാണ് പരാതി. പാറശാലയ്‌ക്ക് സമീപം നെടുവാൻവിള മുര്യങ്കര ചെറുവള്ളി വിളാകത്ത് വീട്ടിൽ സുജ ഇവരുടെ മകൻ നിരഞ്ജൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഇവർ നൽകിയ പരാതിയിൽ സമീപവാസിയായ ശശിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഈ കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം. തേങ്ങയെടുത്തുന്ന കുറ്റത്തിന് മർദ്ദിക്കുകയായിരുന്നു. സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങവെ വഴിയരികിൽ കിടന്ന തെങ്ങിൻ ചുവട്ടിൽ നിന്നും തേങ്ങയുമായി കുട്ടി വീട്ടിലെത്തുകയായിരുന്നു. ശശി എടുക്കാൻ ശ്രമിച്ച തേങ്ങ നിരഞ്ജൻ എടുത്തതാണ് പ്രകോപനം ഉണ്ടാകാൻ കാരണം. സംഭവത്തിന് പിന്നാലെ കാര്യങ്ങൾ തിരക്കാനെന്ന വ്യാജേന കുട്ടിയുടെ വീട്ടിലെത്തിയ ശശി സുജയോട് തട്ടിക്കയറുകയായിരുന്നു. ഇത് പിന്നീട് സംഘർഷങ്ങൾക്കും വാക്കേറ്റത്തിനും കാരണമാകുകയായിരുന്നു.
വാക്കേറ്റത്തിനിടയിൽ ശശി സുജയുടെ മുഖത്ത് ഇടിച്ച ശേഷം തറയിലേക്ക് വലിച്ചിടുകയും വയറ്റിൽ ചവിട്ടുകയുമായിരുന്നു. ഇത് കണ്ട് ഓടിയെത്തിയ കുട്ടിയെ ഇയാൾ അസഭ്യം പറഞ്ഞതിന് ശേഷം കഴുത്തിൽ പിടിച്ച് തള്ളുകയായിരുന്നു. ഇരുവരുടെയും നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ശശിയെ തടയുകയായിരുന്നു.
Comments