ന്യൂഡൽഹി: കമ്യൂണിസ്റ്റ് ഭീകരവാദം മൂലം പിന്നോക്കാവസ്ഥയിലായ ഗ്രാമങ്ങൾക്കായി മാതൃക വികസന പദ്ധതിയുമായി കേന്ദ്രസർക്കാർ. പതിറ്റാണ്ടുകളായി കമ്യൂണിസ്റ്റ് നക്സൽ ആക്രമണങ്ങൾ മൂലം അശാന്തിയും അസ്ഥിരതയും നിലനിന്നിരുന്ന ഗ്രാമങ്ങൾക്കായി പ്രത്യേക പ്രൊജക്റ്റുകളാണ് കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത്. ഈ ജില്ലകളിലെ ഗതാഗത സംവിധാനം, വാർത്താവിനിമയം എന്നിവ മെച്ചപ്പെടുത്തുന്നതിന് പ്രഥമ പരിഗണനയാണ് ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്നത്.
റോഡ് ശൃംഖലകളുടെ വിപുലീകരണം, ടെലികോം കണക്റ്റിവിറ്റി മെച്ചപ്പെടുത്തൽ, നൈപുണ്യം വികസനം, എടിഎമ്മുകളും പോസ്റ്റ് ഓഫീസുകളും സ്ഥാപിക്കൽ തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾ ജില്ലകളിൽ നടപ്പാക്കി വരികയാണെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയെ അറിയിച്ചു.
നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം കമ്യൂണിസ്റ്റ് ഭീകരാക്രമങ്ങൾ കൊണ്ട് പൊറുതി മുട്ടിയ സംസ്ഥാനങ്ങളിൽ സമാധാനാന്തരീക്ഷമാണ് പുലരുന്നത്. ഈ പ്രദേശങ്ങളിലെ സാമൂഹിക-സാമ്പത്തിക അന്തരം നികത്താനും ആക്രമണങ്ങൾ ഇല്ലാതാക്കാനും സാധിച്ചു. 13234 കിലോമീറ്റർ റോഡ് ശ്രംഖല പുതിയതായി ഈ ജില്ലകളിൽ മാത്രം നിർമ്മിച്ചു. കൂടാതെ ഗതാഗത സംവിധാനം മെച്ചപ്പെടുത്താൻ സർക്കാർ പ്രത്യേക നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഗ്രാമങ്ങളിൽ ടെലികോം കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ ഒന്നാം ഘട്ടത്തിൽ 2343 മൊബൈൽ ടവറുകൾ സ്ഥാപിച്ചു. രണ്ടാം രണ്ടാം ഘട്ടമായി 2542 മൊബൈൽ ടവറുകളുടെ പ്രവർത്തികൾ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.
നക്സൽ ബാധിതമായിരുന്ന പ്രദേശങ്ങളിലെ സാമ്പത്തിക സേവനങ്ങൾ മെച്ചപ്പെടുത്താനായി 927 ബാങ്ക് ശാഖകൾ തുറന്നു. കൂടാതെ 27513 ബാങ്കിംഗ് കറസ്പോണ്ടൻറുമാരെ നിയമിക്കുകയും ചെയ്തു. 90 ജില്ലകളിലായി 4903 പോസ്റ്റ് ഓഫീസുകളും ആരംഭിച്ചു. നൈപുണ്യ വികസനത്തിനായി, ഈ ജില്ലകളിലെ 43 ഐടിഐകളും 38 നൈപുണ്യ വികസന കേന്ദ്രങ്ങളും തുടങ്ങി. 90 ജില്ലകളിലായി 125 ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ പ്രവർത്തനക്ഷമമാക്കുകയും ചെയ്തു. ഈ മാതൃകാ പദ്ധതികളിൽ ഭൂരിഭാഗവും മദ്ധ്യപ്രദേശിലും മഹാരാഷ്ട്രയിലുമാണ് ആരംഭിച്ചത്.
2010-നെ അപേക്ഷിച്ച് 2022-ൽ ആക്രമ സംഭവങ്ങൾ 77 ശതമാനമായി കുറഞ്ഞതായി കേന്ദ്ര സർക്കാർ ലോക്സഭയിൽ അറിയിച്ചു. കൂടാതെ ആക്രമത്തെ തുടർന്നുണ്ടാകുന്ന മരണങ്ങളും 90 ശതമാനം കുറഞ്ഞു. കമ്യൂണിസ്റ്റ് നക്സൽ ബാധിത പ്രദേശങ്ങൾക്കായുള്ള സെക്യൂരിറ്റി റിലേറ്റഡ് എക്സ്പെൻഡിച്ചറിനായി 306.95 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. ആന്ധ്രാപ്രദേശ് ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങൾക്കായാണ് ഫണ്ട് വകയിരുത്തിയത്. ബീഹാർ, ഛത്തീസ്ഗഡ് ജാർഖണ്ഡ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര , ഒഡീഷ , തെലങ്കാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രസർക്കാർ തുക അനുവദിച്ചത്.
















Comments