പത്തനംതിട്ട: ശബരിമലയിൽ നിറപുത്തരി ഉത്സവത്തിനായി ഇന്ന് നടതുറക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ മേൽശാന്തി നട തുറന്ന് ദീപം തെളിയിക്കും. നാളെ പുലർച്ചെ 5.45-നും രാവിലെ 6.15-നും മദ്ധ്യേയാകും നിറപുത്തരി ചടങ്ങുകൾ ആരംഭിക്കുക. നിറപുത്തരിയുടെ ഭാഗമായി പുലർച്ചെ നെൽക്കതിരുകൾ പതിനെട്ടാം പടിയിൽ നിന്ന് സ്വീകരിച്ച് ഗണപതിഹോമം നടക്കുന്ന മണണ്ഡപത്തിലെത്തിക്കും.
തന്ത്രി കണ്ഠര് രാജീവരര് നെൽക്കതിരുകൾ പൂജിച്ച് ക്ഷേത്രത്തിൽ പ്രദക്ഷിണം നടത്തി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകും. പിന്നാലെ ഭഗവാന് തിരുമുമ്പിൽ നെൽകതിരുകൾ വെച്ച് പ്രത്യേക പൂജ നടത്തും. ഇതിന് ശേഷം നട തുറന്ന് പൂജിച്ച നെൽക്കതിരുകൾ ശ്രീകോവിലിന് മുന്നിലായി കെട്ടിയിടും. ഇതിൽ ബാക്കിയുള്ളത് ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യും. ചടങ്ങുകൾ പൂർത്തിയാക്കി രാത്രി പത്ത് മണിയോടുകൂടി നട അടയ്‌ക്കും.
ചിങ്ങമാസ പൂജകൾക്കായി ഈ മാസം 16-ന് നട വീണ്ടും തുറക്കും. 21-ന് രാത്രിയോട് കൂടി പൂജകൾ പൂർത്തിയാക്കിയാകും നട അടയ്‌ക്കുക. ഭക്തർക്ക് വെർച്വർ ക്യൂ മുഖേന ബൂക്ക് ചെയ്ത് ദർശനത്തിനെത്താവുന്നതാണ്. നിലയ്‌ക്കൽ, പമ്പ എന്നിവിടങ്ങളിലായി സ്‌പോട്ട് ബുക്കിംഗ് സംവിധാനവും ഉണ്ടായിരിക്കും.
















Comments