പാലക്കാട്: വർഷങ്ങളായുള്ള പതിവ് ഇത്തവണയും മുടക്കാതെ കർഷകനായ കൃഷ്ണകുമാർ. ശബരിമലയിലെ നിറപുത്തരിക്കുള്ള കതിർകറ്റകൾ നെന്മേനി ചുട്ടിച്ചിറക്കളം കൃഷ്ണകുമാറിന്റെ പാടശേഖരത്തിൽ നിന്ന് കൊയ്‌തെടുത്തു. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു കൊയ്‌ത്ത് ആരംഭിച്ചത്. തുടർന്ന് പാടത്ത് നിലവിളക്കിന് മുന്നിലായി നാക്കിലയിൽ വച്ച്് കതിർകറ്റകളിൽ നിറവള്ളികൾ ചുറ്റി. ഇതിന് ശേഷം ആചാരപ്രകാരം പൂജ നടത്തി കളപ്പുരയിൽ എത്തിക്കുകയായിരുന്നു.
ഉച്ചയോടെ 21 അംഗ സംഘം കതിർകറ്റയുമായി ശബരിമലയിലേക്ക് യാത്ര തിരിച്ചു. ഇന്ന് സന്നിധാനത്ത് എത്തുന്ന കറ്റ മേൽശാന്തിയാണ് ഏറ്റുവാങ്ങുന്നത്. ശബരിമലയിൽ നാളെ നിറപുത്തരി ആഘോഷം നടക്കും. ഏപ്രിൽ രണ്ടാം വാരമാണ് നിറപുത്തരിക്കായുള്ള കതിർകറ്റ ഒരുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. ഒരേക്കർ പാടത്ത് മൂപ്പ് കുറഞ്ഞ എഎസ്ടി ഇനം നെൽവിത്താണ്് കൃഷിയിറക്കിയത്. രണ്ടരപതിറ്റാണ്ടോളമായി ശബരിമല, ഗുരുവായൂർ, ചോറ്റാനിക്കര, ഏറ്റുമാനൂർ എന്നിങ്ങനെ 150-ഓളം പ്രമുഖ ക്ഷേത്രങ്ങളിലേക്കും ഇവിടെയാണ് കതിർകറ്റകൾ ഒരുക്കുന്നത്.
ശബരിമല മുൻ മേൽശാന്തിമാരായ ദാമോദരൻ പോറ്റി, ശശി നമ്പൂതിരി, മാളികപ്പുറം മുൻമേൽശാന്തി മനു നമ്പൂതിരി, തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രം തന്ത്രി സതീശൻ നമ്പൂതിരിപ്പാട്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ, അംഗങ്ങളായ സുന്ദരേശൻ, എസ് എസ് ജീവൻ എന്നിങ്ങനെ നിരവധി പേർ ചടങ്ങിൽ സംസാരിച്ചു.
















Comments