ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും പ്രതീകം എന്ന നിലയിലാണ് നിറപുത്തരി മഹോത്സവം ആഘോഷിക്കപ്പെടുന്നത്. ഈ വർഷത്തെ കതിർ കുലകൾ സന്നിധാനത്തേക്ക് ഇന്നലെ എത്തിയിരുന്നു. ഇന്നാണ് നിറപുത്തരി. ആചാര പ്രകാരം തിരുവിതാംകൂർ രാജകുടുംബമാണ് നിറപുത്തരിയുടെ ദിനവും മുഹൂർത്തവും നിശ്ചയിക്കുന്നത്. ഇവിടെ നിന്നും ലഭിച്ച മുഹൂർത്തം അനുസരിച്ച് ഇന്ന് പുലർച്ചെ 5.45-നും 6.15-നും മദ്ധ്യേ നിറപുത്തരി ചടങ്ങുകൾ ശബരിമലയിൽ നടക്കുന്നത്. ഭഗവാന് മുന്നിൽ കതിരുകൾ സമർപ്പിച്ച് പ്രത്യേക പൂജ നടത്തിയതിന് ശേഷം നട തുറന്ന് നെൽക്കതിരുകൾ ശ്രീകോവിലിന് മുമ്പിൽ കെട്ടും. ഇതിന് ശേഷമാകും പ്രസാദമായി നെൽക്കതിരുകൾ തന്ത്രിയും മേൽശാന്തിയും വിതരണം ചെയ്യുക.
സന്നിധാനത്ത് കൃഷി ചെയ്ത നെല്ല് കൊയ്താണ് ആദ്യം നിറപുത്തരിക്കായി സമർപ്പിക്കുക. മാളികപ്പുറത്തിന് സമീപം പെട്ടികളിൽ മണ്ണുനിറച്ച് പ്രത്യേക രീതിയിൽ വിളയിച്ചെടുത്ത നെല്ലാണ് സമർപ്പിക്കുക. മഹാപ്രളയത്തിൽ നിറപുത്തരിക്ക് ആവശ്യമായ നെല്ല് സന്നിധാനത്ത് എത്തിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് ദേവസ്വം മരാമത്ത് വിഭാഗം സന്നിധാനത്തെ കരഭൂമിയിൽ നിറപുത്തരി പൂജയ്‌ക്ക് ആവശ്യമായ നെൽകൃഷി ചെയ്യുന്നത്. ഉമ ഇനത്തിൽ പെട്ട നെല്ലാണ് ഇത്തവണ കൃഷി ചെയ്തിരിക്കുന്നത്. ആറന്മുള, പാലക്കാട്, അച്ചൻകോവിൽ, ചെട്ടികുളങ്ങര എന്നിവിടങ്ങളിൽ നിന്നും എത്തിച്ചിട്ടുള്ള നെല്ലും നിറപുത്തരിയായി സമർപ്പിക്കാറുണ്ട്. അയ്യപ്പന് നിറപുത്തരി ചടങ്ങിന് സമർപ്പിക്കുന്നതിന് വേണ്ട പവിത്രമായ നെൽക്കതിരും വഹിച്ച് തമിഴ്‌നാട്ടിലെ രാജപാളയത്തു നിന്ന് രഥഘോഷയാത്ര പ്രയാണം ആരംഭിച്ചിരുന്നു. ഇതിന് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ആചാര അനുഷ്ടാനത്തോടെ അടുക്കാചാരങ്ങൾ സമർപ്പിച്ച് വരവേൽപ്പ് നൽകിയിരുന്നു.
നെല്ലിന്റെയും നെൽകൃഷിയുടേയും വിശുദ്ധിക്കും സത്യസന്ധതയ്‌ക്കും ഉദാത്ത സാക്ഷ്യമായാണ് നിറപുത്തരി ആഘോഷിക്കുന്നത്. ധാന്യവിള എന്നതിലുപരി നെല്ലും നെൽപാടങ്ങളും നെൽകൃഷിയും മറ്റും ഒരു കാർഷിക സംസ്‌കൃതിയുടെ സുവർണ മുദ്രകളായാണ് കാണപ്പെടുന്നത്. ആദ്യ നെൽക്കതിരുകൾ ക്ഷേത്രത്തിലെത്തിച്ച് അത് നൈവേദ്യമായി സമർപ്പിച്ച് ഈശ്വരാനുഗ്രഹം നേടുകയും ചെയ്യുന്നു. കൃഷിയുടെ അഭിവൃദ്ധിക്കായി പ്രാർത്ഥനാ പൂർവ്വമുള്ള സമർപ്പണത്തിന്റെ പ്രതീകമായി പൂജിച്ച നെൽക്കതിർ വീടുകളുടെ പൂമുഖത്ത് കെട്ടിത്തൂക്കി ഇടാറുണ്ട്. ഐശ്വര്യലക്ഷ്മി വീടിന്റെ ഉമ്മറത്തേക്ക് കടന്ന് വന്നുവെന്നും ഒരു പ്രസാദം പോലെ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന നിറകതിർ വീടുകളിൽ സൂക്ഷിച്ച് വയ്‌ക്കുന്നത് വരും വർഷത്തേക്ക് പുണ്യമേകുമെന്നും മികച്ച വിളവിന് അത് സഹായകരമാകുമെന്ന വിശ്വാസത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. ഒന്നാം വിള നെല്ല് വിളഞ്ഞുകിടക്കുന്ന വയലിൽ നിന്നും അറുത്തെടുത്ത നിറകതിർ ഇല്ലി, നെല്ലി, പൂവാംകുറന്നൽ, പ്ലാശ്, ചമത, തകര, കടലാടി, എന്നിവയുടെ ഇലകളുമായി കൂട്ടിക്കെട്ടി പട്ടിൽ പൊതിഞ്ഞാണ് ക്ഷേത്രത്തിൽ സൂക്ഷിക്കുന്നത്.
















Comments