ന്യൂഡൽഹി: മുൻപ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ അതിഥികളായി പങ്കെടുത്തിരുന്നത് സമൂഹത്തിന്റെ ഉന്നത പദവിയിൽ നിലകൊണ്ടിരുന്ന വിശിഷ്ട വ്യക്തികളാണ്. എന്നാൽ ഇന്ന് ആ പതിവ് മാറി. ഇന്ന് സ്വാതന്ത്ര്യദിനാഘോഷത്തിന് മാറ്റ് കൂട്ടുന്നത് ആരും അറിയാത്ത എന്നാൽ അറിഞ്ഞിരിക്കേണ്ട വ്യക്തികളുടെ സാന്നിദ്ധ്യമാണ്. അത്തരത്തിലൊരാളാണ് വാളയാർ കോങ്ങാംമ്പാറ സ്വദേശി ഷീബ സ്വാമിനാഥൻ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി കുളം നവീകരിച്ചത് ഷീബയുടെ മേൽനോട്ടത്തിലായിരുന്നു.
തൊഴിലുറപ്പു തൊഴിലാളി മേറ്റ് ആയ ഇവർ ഡൽഹിയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ കേന്ദ്ര സർക്കാരിന്റെ ക്ഷണിക്കപ്പെട്ട അതിഥിയായാണ്. ഷീബയ്‌ക്കൊപ്പം തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ജില്ലകളിലെ 3 തൊഴിലുറപ്പു തൊഴിലാളികൾക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. മാലിന്യം കുമിഞ്ഞുകൂടി ഉപയോഗശുന്യമായ കുളത്തിന്റെ നവീകരണത്തിന് നേതൃത്വം നൽകിയതിലൂടെയാണ് ഷീബയ്‌ക്ക് അപൂർവ്വ അവസരം കൈവന്നത്. ഇത്തരം ഒരു അവസരം ലഭിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഷീബ പറഞ്ഞു.
ആറ് മാസം മുൻപ് വരെ നാടിന്റെ ശാപമായിരുന്ന മാലിന്യം നിറഞ്ഞ കുപ്പയംകുളം. ആ കുളത്തിലെ മാലിന്യം നീക്കി ആഴം കൂട്ടി കൽപടവുകൾ ഒരുക്കി കുളം നവീകരിച്ചു. ഷീബയുടെ നേതൃത്വത്തിൽ അൻപതോളം തൊഴിലാളികൾ ചേർന്നാണു ഇത് നടപ്പാക്കിയത്. അമൃത് സരോവർ പദ്ധതിയിലെ മാതൃകാ പ്രവൃത്തിയായി കുപ്പയംകുളത്തിന്റെ പേരും എഴുതി ചേർക്കപ്പെട്ടു. കൂടാതെ പ്രദേശത്തെ വിവിധ ഉപയോഗ ശൂന്യമായ ജലാശയങ്ങളും ഈ സംഘം നവീകരിച്ചു.
















Comments