ന്യൂഡൽഹി: ഹെലികോപ്ടർ താഴേയിറക്കുന്നത് വലിയൊരു ദുരന്തമാകുന്നത് ഒഴിവാക്കാൻ സ്വന്തം ജീവൻ ബലിയർപ്പിച്ച യുവ സൈനികർക്ക് രാജ്യത്തിന്റെ ആദരം. ധ്രുവ് രുദ്ര ഹെലികോപ്റ്റർ തകർന്ന് വീരമൃത്യു വരിച്ച മേജർമാരായ മുസ്തഫ ബൊഹാരയ്ക്കും വികാസ് ഭംഭുവിനും മരണാനന്തര ബഹുമതിയായി ശൗര്യ ചക്ര നൽകി രാജ്യം ആദരിക്കും. സൈനികരുടെ ധൈര്യവും അർപ്പണബോധവും പരിഗണിച്ചാണ് മരണാനന്തര ബഹുമതിയായി ശൗര്യചക്ര സമ്മാനിക്കുക. 77-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് സായുധ സേനാംഗങ്ങൾക്കും കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങൾക്കുമുള്ള ഗാലൻട്രി അവാർഡുകൾ സമ്മാനിക്കുന്നത്.
2022- ഒക്ടോബറിലാണ് അരുണാചൽപ്രദേശിൽ ഹെലികോപ്ടർ തകർന്ന് ഇരുവർക്കും ജീവൻ നഷ്ടമായത്. അപ്പർ സിയാൻ ജില്ലയിലെ മിഗ്ഗിംഗ് ഗ്രാമത്തിലായിരുന്നു അപകടം നടന്നത്. അവർ പറത്തിയിരുന്ന ധ്രുവ് ഹെലികോപ്ടർ സാങ്കേതിക തകരാർ സംഭവിച്ച് താഴേക്ക് ഇറക്കേണ്ട സ്ഥിതി വന്നു. കരേസനയുടെ ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിക്കുന്ന സ്ഥലത്ത് ഇടിച്ചിറങ്ങുമായിരുന്ന ഹെലികോപ്ടർ അവിടെ നിന്ന് ഗതി തിരിച്ച് വിടുകയായിരുന്നു. പിന്നീട് ലാൻഡ് ചെയ്യാവുന്ന പ്രദേശം സാധാരണക്കാർ തിങ്ങി പാർക്കുന്ന ഇടമായിരുന്നു. ഇവിടെ നിന്ന് വഴി തിരിച്ച് വിടുന്നതിനിടയിലാണ് കോപ്ടർ തകർന്ന് ഇരുവർക്കും ജീവൻ നഷ്ടമായത്.
രാജസ്ഥാനിലെ ഹനുമാൻഗഡ് ജില്ലയിലെ രാംപുരിയ ഗ്രാമത്തിൽ നിന്നുള്ളയാളാണ് മേജർ വികാസ് ഭംഭു. രാജസ്ഥാനിലെ തന്നെ ഉദയ്പൂർ ജില്ലയിലെ ഖേരോദ ഗ്രാമത്തിൽ നിന്നുള്ളയാളാണ് മേജർ മുസ്തഫ ബൊഹറ.
77-ാം സ്വാതന്ത്ര്യ ദിനത്തിൽ 76 പേർ വിശിഷ്ട സേവനത്തിനുള്ള മെഡലുകൾക്ക് അർഹരായി. നാല് വീരസൈനികർക്ക് മരണാനന്തര ബഹുമതിയായി കീർത്തി ചക്ര സമർപ്പിക്കും. 11 ശൗര്യ ചക്രകളിൽ, അഞ്ചെണ്ണം മരണാനന്തര ബഹുമതിയാണ്, 52 പേർക്ക് സേനാ മെഡലുകളും മൂന്ന് പേർക്ക് നാവിക സേനാ മെഡലുകളും നാലുപേർക്ക് വായു സേനാ മെഡലുകളും സമ്മാനിക്കും.
















Comments