കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ വിദ്യാർത്ഥികൾ അപമാനിച്ചതിന് പിന്നാലെ ആറു പേർക്ക് സസ്പെൻഷൻ. വിദ്യാർത്ഥികൾ അദ്ധ്യാപകനെ അപമാനിക്കുന്ന തരത്തിലെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. കെ.എസ്.യു യൂണിറ്റ് വൈസ്.പ്രസിഡന്റ് മുഹമ്മദ് ഫാസില്‍, നന്ദന സാഗര്‍,രാഗേഷ്, പ്രിയദ, ആദിത്യ, ഫാത്തിമ നഫ്‌ലം എന്നീ വിദ്യാര്‍ഥികളെയാണ് കോളേജ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
വിദ്യാർത്ഥികൾ അപമാനിച്ച അദ്ധ്യാപകൻ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം എച്ച്ഒഡി എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെയും കോളേജ് അധികൃതർ നിയമിച്ചിട്ടുണ്ട്. മഹാരാജാസ് കോളേജില്‍ തന്നെ പഠിച്ച് അദ്ധ്യാപകനായ ഡോ.പ്രിയേഷിനാണ് വിദ്യാർത്ഥികളിൽ നിന്നും അപമാനം നേരിടേണ്ടി വന്നത്.
കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടായ അപമാനകരമായ സംഭവത്തിൽ അദ്ധ്യാപകൻ പ്രതികരിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നും ഒരിക്കലും ഇത്തരത്തിൽ പ്രതീക്ഷിച്ചിരുന്നില്ല. അവർ വീഡിയോ എടുത്തതും സമൂഹമാദ്ധ്യമത്തിൽ പ്രചരിപ്പിച്ചതും താൻ അറിഞ്ഞിരുന്നില്ല. അദ്ധ്യാപകൻ എന്ന തരത്തിൽ തനിക്കും സാമൂഹിക ഉത്തരവാദിത്തമുണ്ട്. ഇതിലുൾപ്പെട്ട വിദ്യാർത്ഥികൾ തെറ്റ് മനസ്സിലാക്കി തിരിച്ചു കൊണ്ട് വരണമെന്ന് അദ്ധ്യാപകൻ മാദ്ധ്യമങ്ങളോട് പ്രകതികരിച്ചു.
കാഴ്ച ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിച്ച് മാത്രമേ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. അത്തരമൊരു ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയവര്‍ക്ക് അത് മനസ്സിലാക്കാൻ കഴിയും. കുട്ടികളെ ഒരു മണിക്കൂർ പഠിപ്പിക്കുന്നതിന് കമ്പ്യൂട്ടറിൽ കേട്ട് തയ്യാറാകണം. അത്രയൊക്കെ ബുദ്ധിമുട്ടി ക്ലാസെടുക്കുമ്പോള്‍ ഇത്തരമൊരു സാഹചര്യം കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് വിഷമം ഉണ്ടാക്കുമെന്നും അദ്ധ്യാപകൻ വ്യക്തമാക്കി.
സംഭവം വിവാദമായതിന് പിന്നാലെ, വിദ്യാർത്ഥികൾ ഇതിലുൾപ്പെട്ടതിൽ വിഷമമുണ്ടെന്ന് പറഞ്ഞ് വന്നിരുന്നു. അവരോട് ക്ഷമിക്കാനും തയ്യാറാണ്. എന്നാൽ, ചെയ്തത് തെറ്റാണെന്ന് അവര്‍ മനസ്സിലാക്കിയാല്‍ മതി. കാഴ്ച പരിമിതിയുള്ള ഒരു അധ്യാപകനും ഇത്തരമൊരു അനുഭവം ഇനിയുണ്ടാകരുതെന്നും അദ്ധ്യാപകൻ കൂട്ടിച്ചേർത്തു.
കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനായ പ്രിയേഷ് ക്ലാസെടുക്കുമ്പോൾ വിദ്യാർത്ഥികൾ ക്ലാസിൽ അലക്ഷ്യമായിരിക്കുകയും മൊബൈലിൽ കളിക്കുകയുമായിരുന്നു. അദ്ദേഹതേതെ പിന്നിൽ ചെന്ന് പരിഹസിക്കുകയും ചെയ്യുന്ന വീഡിയോയുമാണ് പുറത്ത് വന്നത്.
















Comments