എറണാകുളം: മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ച സംഭവത്തിൽ നിയമനടപടിക്കൊരുങ്ങി കോളേജ് മാനേജ്‌മെന്റ്. സംഭവത്തിൽ പോലീസിൽ പരാതി നൽകാനാണ് കോളേജ് കൗൺസിൽ യോഗത്തിന്റെ തീരുമാനം. സംഭവത്തിൽ കോളേജ് ആഭ്യന്തര അച്ചടക്ക സമിതി അന്വേഷണം നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഒരാഴ്ചയ്‌ക്കുള്ളിലാണ് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കേണ്ടത്.
അതേസമയം, വീഡിയോയ്‌ക്ക് വിശദീകരണവുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. മൂന്നാംവർഷ ബി.എ പോളിറ്റിക്കൽ സയൻസ് ക്ലാസിൽ പഠിപ്പിച്ചുകൊണ്ടിരുന്ന അദ്ധ്യാപകനെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നത്. മഹാരാജാസ് കോളേജിൽ തന്നെ പഠിച്ച് അദ്ധ്യാപകനായ ഡോ. പ്രിയേഷിനാണ് വിദ്യാർത്ഥികളിൽ നിന്നും അപമാനം നേരിട്ടത്.
സംഭവത്തിൽ കഴിഞ്ഞ ദിവസം കോളേജ് കെ എസ് യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ ഉൾപ്പെടെ ആറ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. എന്നാൽ ‘ക്ലാസിൽ കയറാനായി ഓടി വന്നപ്പോൾ ഇന്നത്തെ മൊഡ്യൂളും കഴിഞ്ഞു ക്ലാസും കഴിഞ്ഞു എന്ന് സാർ പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ച സമയത്ത് ഞാനും ചിരിച്ചു. ഈ വീഡിയോ തമാശയ്‌ക്ക് മാത്രമാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്’എന്നാണ് ഫാസിലിന്റെ വാദം.
കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടായ അപമാനകരമായ സംഭവത്തിൽ അദ്ധ്യാപകൻ പ്രതികരിക്കുകയും ചെയ്തിരുന്നു. കാഴ്ച ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ എന്ന് അദ്ധ്യാപകൻ പ്രിയേഷ് പ്രതികരിച്ചു. കുട്ടികളെ ഒരു മണിക്കൂർ പഠിപ്പിക്കുന്നതിന് കമ്പ്യൂട്ടറിൽ കേട്ട് തയ്യാറാകണം. അത്രയൊക്കെ ബുദ്ധിമുട്ടി ക്ലാസെടുക്കുമ്പോൾ ഇത്തരമൊരു സാഹചര്യം കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് വിഷമം ഉണ്ടാക്കും. വിദ്യാർത്ഥികൾ ഇതിലുൾപ്പെട്ടതിൽ വിഷമമുണ്ടെന്നും അവർ തെറ്റ് തിരുത്തണമെന്നും അവരോട് ക്ഷമിക്കാൻ താൻ തയ്യാറാണെന്നും അദ്ധ്യാപകൻ പ്രിയേഷ് പറഞ്ഞു.
















Comments