ഫിലാഡൽഫിയ: സൂപ്പർ താരം ലയണൽ മെസി കളിക്കളത്തിൽ നിറഞ്ഞാടിയതോടെ ലീഗ്‌സ് കപ്പിന്റെ ഫൈനലിൽ കടന്ന് ഇന്റർ മിയാമി. ഫിലാഡൽഫിയ യൂണിയനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് സെമിഫൈനലിൽ തകർത്താണ് മിയാമി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഇന്റർ മിയാമിക്കായി കളത്തിലിറങ്ങിയ ആറ് മത്സരങ്ങളിലും ഗോൾ നേടാൻ ഇതോടെ ഫുട്‌ബോൾ ഇതിഹാസത്തിന് സാധിച്ചു. മെസി ഗോൾവേട്ടക്കാരാനായ മത്സരങ്ങളിലൊന്നും തോറ്റിട്ടില്ലെന്ന റെക്കോർഡും ഇതോടെ മിയാമി നേടി. ഇന്റർമിയാമിക്കായി ഒമ്പതാമത്തെ ഗോളാണ് ഇന്നത്തെ മത്സരത്തോടെ മെസി നേടിയത്. ഇതോടെ ടൂർണമെന്റിലെ ടോപ് സ്‌കോറർ പട്ടവും മെസി ഉറപ്പിച്ചു. ജോസഫ് മാർട്ടിനസ് ജോർഡി ആൽബ, ഡേവിഡ് റൂയിസ് എന്നിവരാണ് മിയാമിക്കായി വലകുലുക്കിയത്. ഫിലാഡിയയ്‌ക്കായി അലക്‌സാണ്ട്രോ ബെഡോയ ആശ്വാസ ഗോളും കണ്ടെത്തി.
Yedlin to Ruiz for our 4th of the night, and his first Leagues Cup goal 🔥#PHIvMIA | 1-4 pic.twitter.com/cfJXHOW4M8
— Inter Miami CF (@InterMiamiCF) August 16, 2023
“>
ആദ്യ കിരീടം ലക്ഷ്യമിട്ട് കളിക്കാനിറങ്ങിയ മിയാമി ജോസഫ് മാർട്ടിനസിലൂടെ മൂന്നാം മിനിറ്റിൽ തന്നെ ലക്ഷ്യം കണ്ടു. മൂന്ന് ഡിഫന്റർമാരെയും കാഴ്ചക്കാരാക്കി ജോസഫ് മാർട്ടിനസ് നൽകിയ പാസ് 35 വാര അകലെ നിന്ന് ഫിലാഡൽഫിയ ഗോൾ കീപ്പറെയും കബളിപ്പിച്ച് ലക്ഷ്യ സ്ഥാനത്തേയ്‌ക്ക്. 20-ാം മിനിറ്റിൽ മെസിയുടെ ലോംഗ് റേഞ്ചർ. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ജോർഡി ആൽബ മയാമിയുടെ ജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി.
രണ്ടാം പകുതിയിൽ അലജാന്ദ്രോ ബെഡോയയിലൂടെ ഫിലാഡൽഫിയ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും 84-ാം മിനിറ്റിൽ ഡേവിഡ് റൂയിസ് മിയാമിയ്‌ക്കായി നാലാം ഗോളും നേടി. ഇതോടെ ലീഗിലെ ഏറ്റവും ശക്തരായ ടീമുകളിലൊന്നായ ഫിലാൽഡൽഫിയ തോൽവിയറിഞ്ഞു. സീസണിൽ ഈസ്റ്റേൺ കോൺഫറൻസിൽ മൂന്നാം സ്ഥാനത്തുള്ള ടീമാണ് ഫിലാഡൽഫിയ. ലീഗ്‌സ് കപ്പിൽ ഫൈനലിലെത്തിയതോടെ അടുത്തവർഷം നടക്കുന്ന കോൺകകാഫ് ചാമ്പ്യൻസ് കപ്പിനും ഇൻറർ മയാമി യോഗ്യത നേടി. ഇതാദ്യമായാണ് കോൺകകാഫ് ചാമ്പ്യൻസ് കപ്പിന് മിയാമി യോഗ്യത നേടുന്നത്.
















Comments