കഴിഞ്ഞ വർഷമായിരുന്നു നടി സാമന്ത തനിക്ക് ബാധിച്ച മയോസിറ്റിസ് എന്ന രോഗത്തെക്കുറിച്ചും അതിനെതിരായ പോരാട്ടത്തെക്കുറിച്ചും വെളിപ്പെടുത്തിയത്. മസിലുകളിൽ നീർവീക്കം സംഭവിക്കുന്ന അവസ്ഥയാണ് മയോസിറ്റിസ്. ചികിത്സയുടെ ഭാഗമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ് താരം. മയോസിറ്റിസുമായുള്ള സാമന്തയുടെ പോരാട്ടം എത്രമാത്രം കഠിനമായിരുന്നുവെന്ന് പങ്കുവയ്‌ക്കുകയാണ് നടൻ വിജയ് ദേവരകൊണ്ട. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുഷി എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന പ്രത്യേക സംഗീത പരിപാടിക്കിടെയായിരുന്നു നടന്റെ വെളിപ്പെടുത്തൽ.
“2022 ഏപ്രിലിൽ സാമന്തയുടെ മുഖത്തെ ഒരു പുഞ്ചിരിയോടെയാണ് കുഷി എന്ന ചിത്രം തുടങ്ങിയത്. എന്നാൽ ജൂലൈയോടെ സാമിന്റെ ആരോഗ്യം മോശമായിത്തുടങ്ങിയിരുന്നു. ആ സമയത്ത് ഒരു മുപ്പത്, മുപ്പത്തഞ്ച് ശതമാനം ചിത്രീകരണം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. സുഖമില്ലെന്ന് അവർ പറഞ്ഞെങ്കിലും താനും സംവിധായകനും അത് നിസ്സാരമായി എടുത്തു.”- വിജയ് ദേവരകൊണ്ട പറഞ്ഞു.
ജൂലായിൽ മറ്റൊരു സിനിമയുടെ പ്രൊമോഷൻ നടത്തുമ്പോഴാണ് സാമിന്റെ ആരോഗ്യത്തെക്കുറിച്ച് അറിയാനിടയായത്. രോഗത്തിന്റെ തുടക്കത്തിൽ, അവൾ അതേക്കുറിച്ച് സംസാരിച്ചിരുന്നില്ല. ഒരു പ്രത്യേക ഘട്ടത്തിൽ സ്വന്തം ആരോഗ്യത്തെക്കുറിച്ച് സംസാരിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് സാമന്തയ്‌ക്ക് തോന്നി. അങ്ങനെയാണ് സാമന്തയുടെ ദുരവസ്ഥ തങ്ങൾ മനസ്സിലാക്കിയത്. പിന്നീട് അവൾ തങ്ങളോട് സംസാരിക്കുന്നതും എല്ലാവരെയും കാണുന്നതും നിർത്തിയിരുന്നു. കാരണം സാമിന്റെ ആരോഗ്യനില മോശമായിരുന്നു. തുടർന്ന് രോഗാവസ്ഥയുമായി ഒരുപാട് പോരാടി. ഒടുവിൽ അക്കാര്യം എല്ലാവരോടും പങ്കുവയ്‌ക്കാൻ അവൾ തീരുമാനിച്ചു, പ്രതീക്ഷിക്കാൻ വകയുണ്ടെന്ന് ആളുകളോട് പറയാനായിരുന്നു ആ തുറന്ന് പറച്ചിലെന്നും വിജയ് ദേവരകൊണ്ട പറഞ്ഞു.
“സാമന്ത പൂർണ ആരോഗ്യവതിയല്ല, തലവേദനയും പ്രകാശത്തെ അഭിമുഖീകരിക്കുമ്പോൾ കണ്ണ് വേദനിക്കുകയും ചെയ്യും. വളരെയേറെ സ്നേഹത്തോടെയാണ് എല്ലാവരും ഇവിടെ എത്തിയിരിക്കുന്നതെന്ന് സാമിന് അറിയാം. മനോഹരമായി വസ്ത്രമണിഞ്ഞ്, പുഞ്ചിരിച്ച് നിങ്ങൾക്കായി നൃത്തം ചെയ്തു. ഈ ചിത്രത്തിനുവേണ്ടി സാമന്ത ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, അവരുടെ കഠിനാധ്വാനത്തിന് കുഷി എന്ന ചിത്രം വിജയിച്ചുകാണാനാണ് താത്പര്യം. ആരേക്കാളുമുപരി ഈ വരുന്ന സെപ്റ്റംബർ ഒന്നിന് സാമന്തയുടെ മുഖത്തെ ചിരിയാണ് തനിക്ക് കാണേണ്ടത്. അതുതന്റെ ഉത്തരവാദിത്തമാണ്. “- വിജയ് ദേവരകൊണ്ട കൂട്ടിച്ചേർത്തു.
















Comments