പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി ക്ഷേത്ര നട തുറക്കും. ഓഗസ്റ്റ് 21 വരെയാകും പൂജകൾ ഉണ്ടാകുക. എല്ലാ ദിവസവും ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. തീർത്ഥാടകർക്ക് രാവിലെ 5.30-മുതൽ 9.30 വരെ നെയ്യഭിഷേകത്തിനുള്ള അവസരം സജ്ജമാക്കിയിട്ടുണ്ട്. ചിങ്ങപ്പുലരിയിൽ അയ്യപ്പ സന്നിധിയിൽ ലക്ഷാർച്ചന നടത്തും.
നാളെ പുതുവർഷപ്പുലരിയിൽ ഭക്തജനങ്ങളുടെ തിരക്ക് പ്രമാണിച്ച് കൂടുതൽ കെഎസ്ആർടിസി ബസ് പമ്പയിലേക്ക് സർവീസ് നടത്തും. നിലയ്‌ക്കൽ-പമ്പ ചെയിൻ സർവീസിന് 40 ബസുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ചെങ്ങന്നൂർ, പത്തനംതിട്ട, കുമളി, കൊട്ടാരക്കര, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നായി പമ്പയിലേക്ക് പ്രത്യേക സർവീസുകൾ ഉണ്ടാകും.
ചിങ്ങ മാസ ക്ഷേത്ര ദർശനത്തിനോടനുബന്ധിച്ച് ചെങ്ങന്നൂരിന് 20, പത്തനംതിട്ടയ്‌ക്ക് 10, കുമളിയ്‌ക്ക് അഞ്ച് എന്നിങ്ങനെ ബസുകൾ അധികമായി നൽകിയിട്ടുണ്ട്. തിരുവനന്തപുരം ഡിപ്പോയിൽ നിന്നും പമ്പയ്‌ക്ക് റിസർവേഷൻ സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.
















Comments