രുദ്രപ്രയാഗ് : കഴിഞ്ഞ മൂന്ന് ദിവസമായി ഹിമാചലിലും ഉത്തരാഖണ്ഡിലും കനത്ത മഴയാണ്. ഇരു സംസ്ഥാനങ്ങളിലും ഉരുൾപൊട്ടലിലും മേഘസ്‌ഫോടനത്തിലും 80 ഓളം പേർ മരിച്ചു. അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിനിടെ രുദ്രപ്രയാഗിൽ കുടുങ്ങി പോയവരെ രക്ഷിക്കാനായി ഹെലിപാഡ് നിർമ്മിച്ച ഗ്രാമീണ സ്ത്രീകളാണ് ശ്രദ്ധ നേടുന്നത് .
ചൊവ്വാഴ്ച, 20 ഓളം ഭക്തർ മധ്യമഹേശ്വര് ധാം സന്ദർശിക്കാൻ ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ എത്തിയിരുന്നു. ഇതിനിടെ മധ്യമഹേശ്വര് ധാമിനും ഹൈവേയ്‌ക്കും ഇടയിലുള്ള ഒരു പാലം മഴയിൽ തകർന്നു . ഇന്റർനെറ്റ് കണക്ഷനും വിച്ഛേദിക്കപ്പെട്ടു. അധികൃതർ ഹെലികോപ്റ്ററുമായി രക്ഷാപ്രവർത്തനത്തിനെത്തിയെങ്കിലും ധാമിന് സമീപം ലാൻഡിംഗ് സ്ഥലമുണ്ടായിരുന്നില്ല.
ഇതിനു പിന്നാലെ വിവരമറിഞ്ഞ ഏഴിലധികം ഗ്രാമീണ സ്ത്രീകൾ പ്രതികൂല സാഹചര്യങ്ങൾ അവഗണിച്ച് ഹെലിപാഡ് നിർമ്മിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു . ഏതാനും മണിക്കൂറുകൾക്കുള്ളിൽ അവർ ഹെലിപാഡ് ഉണ്ടാക്കി. രക്ഷാപ്രവർത്തനത്തിനിടെ എസ്ഡിആർഎഫ് സംഘം 52 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. താഴ്‌വരയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച് റാൻസി ഗ്രാമത്തിലേക്ക് അയക്കുകയാണ്.
















Comments