തിരുവനന്തപുരം: സ്‌റ്റോക്ക് എത്തിയില്ലെങ്കിലും സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 250 കോടിയുടെ വിറ്റുവരവാണ് ഓണച്ചന്തകൾ വഴി സർക്കാർ ലക്ഷ്യമിടുന്നത്. രാവിലെ 9.30 മുതൽ വൈകുന്നേരം 6.30 വരെയാകും ഓണച്ചന്തകളുടെ സമയം. പ്രതിദിനം 75 പേർക്ക് മാത്രമായിരിക്കും ഓണച്ചന്തയിൽ പ്രവേശനം. മുൻക്കൂട്ടി ടോക്കൺ നൽകിയാണ് പ്രവേശനത്തിനുള്ള സമയം ക്രമീകരിച്ചിരിക്കുന്നത്.
ഓണച്ചന്തയുടെ ഉദ്ഘാടനം ഇന്ന് നടത്താനിരിക്കെ ഇനിയും സബ്‌സിഡി സാധനങ്ങളിൽ പലതിന്റെയും സ്റ്റോക്ക് എത്തിയിട്ടില്ല. റീ ടെൻഡർ വഴി 1,000 കിലോ വറ്റൽ മുളക് ലഭിച്ചതാണ് ഏക ആശ്വാസം. 14 ഓണച്ചന്തകൾ വഴി മാത്രമാണ് വിൽക്കുകയെങ്കിലും ആവശ്യക്കാർക്ക് മുഴുവൻ തികയില്ലാത്ത അവസ്ഥയിലാണ്. പച്ചരി, കറുത്ത കടവ, വൻപയർ തുടങ്ങി പലതിനും ക്ഷാമം നേരിടുന്നുണ്ട്.
സപ്ലൈകോയിൽ നിലവിൽ സ്റ്റോക്കില്ലാത്തതിനാൽ സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം വൈകും. ഈ മാസം 23-ന് ശേഷമായിരിക്കും ഓണക്കിറ്റ് വിതരണം ആരംഭിക്കുക. വിവിധയിടങ്ങളിൽ നിന്നും സാധനങ്ങൾ ശേഖരിച്ച് പാക്കിങ് പൂർത്തിയാക്കാൻ നാല് ദിവസമെങ്കിലും വേണമെന്നാണ് വിലയിരുത്തൽ. ഇതേ തുടർന്നാണ് കിറ്റ് വിതരണം 23-ലേക്ക് നീട്ടാൻ ഭക്ഷ്യ വകുപ്പ് ആലോചിക്കുന്നത്. 14 ഇനം സാധനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ഇത്തവണ ഓണക്കിറ്റ് മഞ്ഞ കാർഡുള്ളവർക്ക് മാത്രമാണ് ലഭ്യമാകുക. 5.84 ലക്ഷം ഉപഭോക്താക്കൾക്കാകും കിറ്റ് ലഭിക്കുക.
















Comments