ന്യൂഡൽഹി: സൈബർ തട്ടിപ്പിന് തടയിടാൻ കേന്ദ്ര സർക്കാർ. തട്ടിപ്പ് ഫോൺകോളുകളും മറ്റ് ഓൺലൈൻ തട്ടിപ്പുകളും കുറ്റകൃത്യങ്ങളും തടയാനായി പുതിയ നിയമം നടപ്പിലാക്കുന്നു. സിം ഡീലർമാർക്കായി ഇനി മുതൽ പോലീസ്, ബയോമെട്രിക് വെരിഫിക്കേഷനും വരിക്കാർക്കായി കെവൈസിയും നിർബന്ധമാക്കുമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. നിരവധി കണക്ഷനുകൾ നൽകുന്നത് നിർത്തലാക്കിയതായും 67,000 ഡീലർമാരെ കരിമ്പട്ടികയിൽപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. നിയമങ്ങൾ ലംഘിക്കുന്ന ഡീലർമർക്ക് 10 ലക്ഷം രൂപ പിഴ ചുമത്തും.
വ്യാജ ഫോൺ നമ്പറുകൾ കണ്ടെത്തുന്നതിനായി സഞ്ചാർ സാഥി പോർട്ടൽ ആരംഭിച്ചതിന് പിന്നാലെ 52 ലക്ഷം കണക്ഷനുകളാണ് കേന്ദ്രം കണ്ടെത്തി നിർജീവമാക്കിയത്. കഴിഞ്ഞ മാസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലായി 52 ലക്ഷം കണക്ഷനുകളാണ് റദ്ദാക്കിയത്. 300 സിം കാർഡ് വിതരണക്കാർക്കെതിരെ കേസെടുത്തിട്ടുമുണ്ട്. പുതിയ സിം വിതരണക്കാർ പോലീസ് ബയോമട്രിക് പരിശോധനയ്‌ക്ക് വിധേയമാകണം. സിം ഡീലറുമാരുടെ കച്ചവടകേന്ദ്രങ്ങൾക്കെല്ലാം രജിസ്‌ട്രേഷൻ നിർബന്ധമാക്കി. രാജ്യത്തെ പത്ത് ലക്ഷത്തോളം വരുന്ന ഡീലർമാർ നിശ്ചിത സമയത്തിനുള്ളിൽ രജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കണമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
സിം വെരിഫിക്കേഷനുള്ള പുതിയ നിയമത്തിൽ ശ്രദ്ധക്കേണ്ട പ്രധാന കാര്യങ്ങൾ
* ഡീലർമാർക്ക് നിർബന്ധിത പരിശോധന. സിം കാർഡ് ഡീലർമാർ പോലീസ്, ബയോമെട്രിക് വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണ്. സിം കാർഡ് ഡീലർമാരുട പരിശോധന ടെലികോം ഓപ്പറേറ്റർ നടത്തും. വ്യവസ്ഥ ലംഘിക്കുന്നവർക്ക് പത്ത് ലക്ഷം രൂപ വരെ പിഴ.
* പുതിയ മാനദണ്ഡപ്രകാരം രജിസ്റ്റർ ചെയ്യാൻ 12 മാസത്തെ കാലാവധി സർക്കാർ നൽകിയിട്ടുണ്ട്. ഇക്കാലയളവിനുള്ളിൽ ഡീലർമാർ രജിസ്റ്റർ ചെയ്യേണ്ടതാണ്.
* പുതിയ സിം എടുക്കുമ്പോഴോ നിലവിലുള്ള നമ്പറിൽ പുതിയ സിമ്മിന് അപേക്ഷിക്കുമ്പോഴോ കെവൈസി വിവരങ്ങൾ നൽകണം.
* ബൾക്ക് കണക്ഷനുകൾക്ക് വിലക്കേർപ്പെടുത്തി. പകരം ബിസിനസ് കണക്ഷനുകൾ എന്ന ആശയം നടപ്പിലാക്കും. ബിസിനസുകളുടെ ചുമതല വഹിക്കുന്നയാളുടെ പേരിലാകും സിം നൽകുക. സിം വിതരണക്കാരന്റെ കെവൈസി വിവരങ്ങളും ശേഖരിച്ച് ഉറപ്പുവരുത്തും. ഒരു തവണ കെവൈസി വിവരങ്ങൾ നൽകിയാൽ ഒൻപത് സിമ്മുകൾ വരെ എടുക്കാവുന്നതാണ്.
* ഒരു സിം കാർഡ് വിച്ഛേദിച്ച് കഴിഞ്ഞ് 90 ദിവസങ്ങൾക്ക് ശേഷം അതേ നമ്പർ മറ്റൊരു ഉപഭോക്താവിന് നൽകും. സിം മാറ്റിയെടുക്കുകയോ അല്ലെങ്കിൽ പോർട്ട് ചെയ്യുകയോ ആണെങ്കിൽ കെവൈസി നടപടി പൂർത്തിയാക്കണം. 24 മണിക്കൂർ നേരത്തേക്ക് ഇൻകമ്മിംഗ്, ഔട്ട്‌ഗോയിംഗ്, എസ്എംഎസ് സേവനങ്ങൾ ലഭിക്കില്ല.
നേരത്തെ മൊബൈൽ കണക്ഷനുകൾ നിയന്ത്രിക്കാനും അനാവശ്യ കണക്ഷനുകളെ ഒഴിവാക്കാനും നഷ്ടപ്പെട്ട ഫോണുകളെ കണ്ടെത്താനുമായി കേന്ദ്രസർക്കാർ ആരംഭിച്ച പോർട്ടലായിരുന്നു ‘സഞ്ചാർ സാഥി’. അനധികൃതമായിട്ടുള്ള മൊബൈൽ കണക്ഷനുകൾ തിരിച്ചറിയുന്നതിന് എഐ അടിസ്ഥാനമാക്കിയുള്ള എഎസ്ടിആർ സോഫ്റ്റ് വെയറും അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ വൻതോതിൽ കണക്ഷൻ നൽകുന്നത് നിർത്താനായി. നുഴഞ്ഞുകയറ്റവും അതിർത്തിക്കപ്പുറമുള്ള ഡ്രോൺ കടന്നുകയറ്റവും കൂടിവരുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കാനും ഇത് സഹായകമായി.
















Comments