ശ്രീ പരമേശ്വരന്റെയും ശ്രീപാർവ്വതീദേവിയുടെയും പുത്രനായ ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുർത്ഥിയായി ആഘോഷിക്കുന്നത്.
സർവ്വവിഘ്നങ്ങളേയും നശിപ്പിച്ച് ഐശ്വര്യം പ്രദാനം ചെയ്യുന്ന ഗണപതി ഭഗവാന്റെ വരപ്രസാദം ലഭിക്കുന്നതിന് ആഘോഷിച്ചു വരുന്ന ഉത്സവമാണ് വിനായക ചതുർത്ഥി. ഭാദ്രപദമാസത്തിലെ വെളുത്തപക്ഷത്തിൽ വരുന്ന ചതുർത്ഥി ദിവസമാണ് വിനായക ചതുർത്ഥി. കേരളത്തിൽ നമ്മൾ ചിങ്ങമാസത്തിലെ അത്തം നാളിൽ വരുന്ന ചതുർത്ഥി ദിനമാണ് ആചരിക്കുന്നത്.
എന്നാൽ വിനായകചതുർത്ഥി ദിവസം ചന്ദ്രനെ കാണുന്നത് ഒഴിവാക്കാനായി ആളുകൾ സന്ധ്യക്കു മുമ്പുതന്നെ വീട്ടിനുള്ളിൽ കയറിക്കൂടാൻ ശ്രദ്ധിക്കാറുണ്ട്. ‘ചതുർത്ഥി കണ്ടതുപോലെ’ എന്നൊരു ചൊല്ല് തന്നെയുണ്ട്. ഒട്ടും ശുഭകരമല്ലാത്ത ഏറെ അനിഷ്ടമുളവാക്കുന്ന ഒന്നിനെ കണ്ടതുപോലെ എന്നാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. വിനായക ചതുർത്ഥി ദിവസം ചന്ദ്രനെ നോക്കിയാൽ മാനഹാനിയും ദുഃഖവും നേരിടുമെന്നാണ് വിശ്വാസം. ചതുർത്ഥി ദിവസം ചാന്ദ്ര ദർശനം നിഷിദ്ധമായതിനു നിദാനമായ ഈ വിശ്വാസത്തിന് പിന്നിൽ വ്യത്യസ്തമായ ഐതിഹ്യങ്ങളുണ്ട് .
പണ്ടൊരു ചതുര്‍ത്ഥി തിഥിയിൽ ഗണപതി ഭഗവാൻ ആനന്ദനൃത്തം നടത്തുകയായിരുന്നു. ഉണ്ണിഗണപതിയുടെ വയർ കുലുക്കിയുള്ള നൃത്തത്തെ പരിഹസിച്ച് ചന്ദ്രൻ ചിരിച്ചത്രേ. ആക്ഷേപകരമായി പൊട്ടിച്ചിരിച്ച ചന്ദ്രനോട് ക്ഷമിക്കാൻ ഭഗവാൻ തയ്യാറായില്ല. ഈ ദിവസം ചന്ദ്രനെ നോക്കുന്നവരെല്ലാം മാനഹാനിയും ദുഃഖവും അനുഭവിക്കുമെന്ന് ഗണപതി ഭഗവാൻ ശപിച്ചു. ഇതറിയാതെ ഒരിക്കൽ വിഷ്ണു ഭഗവാന്‍ ചന്ദ്രനെ നോക്കി ഗണേശ ശാപത്തിനിരയായി. ആകെ വിഷമിച്ചു പോയ മഹാവിഷ്ണു മഹാദേവനോട് ഒരു പരിഹാരം ആരാഞ്ഞപ്പോൾ ഗണപതി വ്രതം നോൽക്കാൻ ഉപദേശിച്ചു. ശിവന്‍ പറഞ്ഞത് പോലെ വിഷ്ണു ഗണപതി വ്രതം അനുഷ്ഠിച്ചു ദോഷം മാറ്റി എന്നാണ് പുരാണം.
വേറെ ഒരു കഥ ഇങ്ങിനെയാണ് , ഒരിക്കൽ ചന്ദ്ര ലോകത്തു വെച്ച് ദേവഗണങ്ങൾക്കെല്ലാം സമൃദ്ധമായ ഒരു വിരുന്നൊരുക്കി.സദ്യയുണ്ണുന്നത് ഏറെയിഷ്ടമായ ഉണ്ണിഗണേശനാകട്ടെ വയർ നിറയെ ഭക്ഷണം കഴിച്ചു . ഗണപതിക്ക് ഏറ്റവും ഇഷ്ടമായ മോദകം വീണ്ടും വീണ്ടും കഴിക്കുകയും കുറച്ചെണ്ണം കൊണ്ടുവരാനായി ശേഖരിക്കുകയും ചെയ്തുവത്രെ. അവ കൈയിലൊതുങ്ങാതെ താഴെ വീണ് നാലുവശവും ഉരുണ്ടു പോയി. ഇത് കണ്ടപ്പോൾ ചിരിയടക്കാനാകാതെ ചന്ദ്രൻ പൊട്ടിച്ചിരിച്ചു. ഇത് പിന്നീട് കൂട്ടച്ചിരിക്ക് കാരണമായി. ഇതു കണ്ട ഗണേശൻ തന്നെ അപമാനിച്ചതായി കണക്കാക്കി ചന്ദ്രനെ ശപിച്ചു . അത് ഒരു ചതുർത്ഥി ദിനമായിരുന്നു. ഇന്നേ ദിവസം നിന്നെ കാണുന്നതു പോലും ആളുകൾക്ക് ഇഷ്ടമില്ലാതാവട്ടെ എന്നായിരുന്നു ശാപം.
ബ്രഹ്മവൈവർത്ത പുരാണം പറയുന്നത് വേറൊരു കഥയാണ്: ഉണ്ണിഗണേശന്റെ തിരുവവതാരദിനമായ വിനായകചതുർത്ഥിക്ക് ഗണപതി ഭഗവൻ വീടുകൾ തോറും സഞ്ചരിച്ച് ദർശനം നൽകി. ഗണപതി പൂജ നടത്തിയ ഭക്തർ നൽകിയ അപ്പവും മോദകവും അടയും നിവേദ്യങ്ങളും അളവില്ലാതെ കഴിച്ച് രാത്രിയിൽ തന്റെ വാഹനമായ എലിയുടെ പുറത്തുകയറി വീട്ടിലേക്ക് പുറപ്പെട്ടു. വഴിയിൽ ഒരു പാമ്പിനെ കണ്ട എലി ഭയന്ന് തെറിച്ചു വീണു. കൊമ്പു കൊണ്ടതു കൊണ്ട് വയർ പൊട്ടി മോദകവും അപ്പവും പുറത്തു വന്നു. താഴെ പോയെ പ്രിയ നൈവേദ്യങ്ങൾ എല്ലാം വാരി വയറ്റിനുള്ളിലിട്ട് ആ പാമ്പിനെ പിടിച്ചു ഗണപതി വയറ് വരിഞ്ഞു കെട്ടി. ഇതെല്ലാം കണ്ട് ആകാശത്തിൽ നിന്ന് ചന്ദ്രൻ ചിരിച്ചു. കോപാകുലനായ ഗണപതി തന്റെ കൊമ്പു പറിച്ച് ചന്ദ്രനെ എറിഞ്ഞു. ഇനി ചതുർത്ഥി ദിവസം നിന്നെ ആരും നോക്കാതെ പോകട്ടെ എന്നു ശപിച്ചു. അഥവാ നോക്കുന്നവർക്ക് വർഷം മുഴുവൻ അപമാനവും ദുഃഖവും നേരിടട്ടെ എന്നും കല്പിച്ചു. അതിനു ശേഷം ഗണപതി ഭക്തർ ആരും അന്ന് ചന്ദ്രനെ കാണില്ല.
ഗണേശ പുരാണത്തിൽ പറയുന്ന കഥ ഇങ്ങിനെയാണ്
രണ്ടാമത്തെ മകൻ സുബ്രഹ്മണ്യന് മഹാദേവൻ ഗണപതി കാണാതെ ഒരു പഴം കൊടുത്തു.അതിൽ കെറുവിച്ച ഗണേശനോട് അത് പറഞ്ഞ് ചന്ദ്രൻ കളിയാക്കി ചിരിച്ചെന്നും ഇതിൽ ദേഷ്യപ്പെട്ട് ഭഗവാൻ ചന്ദ്രനെ ശപിച്ചെന്നുമാണ് ആ കഥ.
പണ്ടൊക്കെ നാട്ടിൻ പുറങ്ങളിൽ ഓണപ്പൂക്കളമിടാനായി കുട്ടികളെല്ലാം വേലിയിലും പറമ്പിലുമൊക്കെ ധാരാളമായി വിടർന്നു നിന്നിരുന്ന പൂക്കൾ ശേഖരിയ്‌ക്കുകയായിരുന്നല്ലോ പതിവ്. ആ പൂ ശേഖരണം ചിലപ്പോൾ സന്ധ്യമയങ്ങുന്നതു വരെയൊക്കെ തുടരുക പതിവായിരുന്നു. ഓണക്കാലമാകുമ്പോൾ നാടെങ്ങും ആഘോഷ തിമിർപ്പിലും ആയിരിക്കും. പക്ഷെ അത്തം ദിവസം നേരത്തെ തിരിച്ചണമെന്ന് വീട്ടുകാർ പ്രത്യേകം ചട്ടം കിട്ടുമായിരുന്നു. ചതുർത്ഥി ദിവസം ചന്ദ്രൻ വളരെ കുറച്ചു സമയത്തു മാത്രമേ ആകാശത്ത് കാണുകയുള്ളൂ. ചിങ്ങമാസത്തിൽ അത്തവും ചതുർത്ഥിയും ഒത്തുവരുന്ന ദിവസം ചന്ദ്രനെ കണ്ടാൽ ചെയ്യാത്ത കുറ്റത്തിന്, അതായത് മനസാ വാചാ കർമ്മണാ അറിയുക പോലും ചെയ്യാത്ത കാര്യത്തിന് അപവാദം കേൾക്കേണ്ടി വരും എന്നാണ് വിശ്വാസം.
സ്യമന്തകം മണി മോഷ്ടിച്ചെന്നും പ്രസേനനെ കൊലചെയ്തതെന്നും ഒരു അപവാദം ഭഗവാൻ ശ്രീകൃഷ്ണൻ നേരിട്ടിരുന്നു. വിനായക ചതുർത്ഥി ദിവസം ചന്ദ്രനെ കണ്ടതു കൊണ്ടാണ് ഭഗവാൻ ശ്രീകൃഷ്ണൻ ഈ അപവാദത്തിൽ പെട്ടതെന്ന് പുരാണം പറയുന്നു. പാർവ്വതിദേവി, ധർമ്മപുത്രർ, രുഗ്മിണീദേവി, ശ്രീകൃഷ്ണൻ, ഹനുമാൻ, ഹരിശ്ചന്ദ്രൻ, നളൻ തുടങ്ങി ഒട്ടേറെ ദിവ്യാത്മാക്കൾ അനുഷ്ഠിച്ച വ്രതമാണ് വിനായക ചതുർത്ഥി. ഇത്തവണ 2023 ആഗസ്റ്റ് 20 നാണ് വിനായകചതുർത്ഥി. അന്നത്തെ ചന്ദ്രോദയം രാവിലെ 09 : 07 (AM ),ചന്ദ്രാസ്തമയം രാത്രി 09 : 20 (PM).
സകല ഗണനായകനായ ഗണപതി ഭഗവാൻ വിഷമാവസ്ഥയിൽ നിന്നും ഏവരെയും കരകയറ്റി സകലവിധ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു.
















Comments