രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമാകും. ഇരുന്നൂറോളം രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം താരങ്ങളാണ് 49 ഇനങ്ങളിലായി ബുഡാപെസ്റ്റിൽ മത്സരിക്കുക. ഒളിമ്പിക്‌സിലെ സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര നയിക്കുന്ന ഇന്ത്യൻ സംഘത്തിൽ 28 കായികതാരങ്ങളാണുളളത്. ഇതിൽ ഏഴ് മലയാളികളും ഉൾപ്പെടുന്നു. എം ശ്രീശങ്കർ (ലോംഗ് ജംപ്), അബ്ദുളള അബൂബക്കർ (ട്രിപ്പിൽ ജംപ്) എന്നിവർ വ്യക്തിഗത ഇനങ്ങളിലും മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്ബ്, മിജോ ചാക്കോ കുര്യൻ എന്നിവർ 4-400 റിലേ ടീമിലും അംഗങ്ങളാണ്.
ഇന്ത്യയ്‌ക്ക് കഴിഞ്ഞ 19 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പുകളിൽ നിന്നുമായി നേടിയത് രണ്ട് മെഡൽ മാത്രമാണ്. 2003ൽ വനിതകളുടെ ലോംഗ് ജംപിൽ അഞ്ജു ബോബി ജോർജും 2022ൽ നീരജ് ചോപ്രയുമാണ് ഇന്ത്യയ്‌ക്കായി മെഡലുകൾ നേടിയത്. ലോക അത്‌ലറ്റിക്‌സിലെ 30 വർഷത്തിലധികാമായുളള സ്വർണത്തിനായുളള കാത്തിരിപ്പ് ഇത്തവണ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
പുരുഷൻമാരുടെ 20 കിലോമീറ്റർ നടത്തമാണ് ഇന്ത്യൻ താരങ്ങൾ നേരിടുന്ന ആദ്യഫൈനൽ. ആകാശ് ദീപ് സിംഗ്, വികാസ് സിംഗ്, പരംജീത് സിംഗ് എന്നിവരാണ് ഇൗ വിഭാഗത്തിൽ മത്സരിക്കുക. ട്രിപ്പിൾ ജംപ് യോഗ്യത മത്സരങ്ങൾക്കായി കോമൺവെൽത്ത് ഗെയിംസിലെ സ്വർണ- വെള്ളി മെഡൽ ജേതാക്കളായ ഏൽദോസ് പോളും അബ്ദുളള അബൂബക്കറും കൂടെ പ്രവീൺ ചിത്രവേലും ഇന്നിറങ്ങും. ഇന്ത്യയ്‌ക്ക് മെഡൽ പ്രതീക്ഷയുളള 3000 സ്റ്റിപിൾ ചെയ്‌സ് ഹീറ്റ്‌സിൽ ആവിനാഷ് സാബ്ലെ, 1500 മീറ്റർ ഹീറ്റ്‌സിൽ അജയ്കുമാറും വനിതാ ലോംഗ് ജംപ് യോഗ്യത റൗണ്ടിൽ ഷൈലി സിംഗും ഇന്നിറങ്ങും.
Comments