ശ്രീനഗർ: നിരത്തുകൾ കയ്യടക്കാൻ ഹൈഡ്രജൻ ബസുകളെത്തുന്നു. രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ബസ് ലേയിൽ നിന്ന് ആരംഭിക്കും. ആദ്യമായാണ് വാണിജ്യാടിസ്ഥാനത്തിൽ ഹൈഡ്രജൻ ഇന്ധന സെൽ ബസുകൾ അവതരിപ്പിക്കുന്നത്. 11,500 അടി ഉയരത്തിലും ഒക്‌സിജിൻ കുറവുള്ള അന്തരീക്ഷത്തിലും ഇതാദ്യമായാണ് ഇത്തരമൊരു സാങ്കേതികവിദ്യ പരീക്ഷിക്കാനൊരുങ്ങുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ പവർ പ്രൊഡ്യൂസറായ നാഷണൽ തെർമൽ പവർ കോർപറേഷൻ(എൻടിപിസി) ആണ് പദ്ധതി നടപ്പിലാക്കുന്നത്. ലേയിൽ അഞ്ച് ഹൈഡ്രജൻ ബസുകളാണ് എൻടിപിസി അനുവദിക്കുക. ബസുകൾക്ക് ഇന്ധനം നൽകുന്നതിനും ഗ്രീൻ ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്നതിനുമായി 1.7 മെഗാവാട്ടിന്റെ സ്റ്റേഷനും സോളാർ പ്ലാന്റും കമ്പനി നിർമ്മിച്ചിട്ടുണ്ട്. ഇതിനായി നഗരഹൃദയത്തിൽ 7.5 ഏക്കർ സ്ഥലമാണ് ഭരണകൂടം പാട്ടത്തിനെടുത്തത്. രാജ്യത്ത് 2.5 കോടി ഹൈഡ്രജൻ ബസുകൾ അവതരിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.
കാർബൺ രഹിത ഭാരതം കെട്ടിപ്പടുക്കുകയെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഊർജ്ജം പകരുന്നതാകും ഈ പുത്തൻ പദ്ധതി. ഹിമാലയത്തിന്റെ ഉന്നതങ്ങളിൽ സ്ഥിതി ചെയ്യുന്ന ലഡാക്ക് പുതിയ ഉയരങ്ങളിലേക്ക് മുന്നേറുകയാണ്. ഏറെ പ്രത്യേകതകളുള്ള ലഡാക്കിനെ സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളുടെ ക്ഷേമത്തിനും പരിഗണന നൽകുകയാണ് കേന്ദ്ര സർക്കാർ. ലോകഭൂപടത്തിൽ തന്നെ കാർബൺ രഹിത പ്രദേശമായി സ്വപ്നഭൂമിയായ ലഡാക്കിനെ മാറ്റിയെടുക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നു. ഇതുവഴി നമ്മുടെതായ ഇടം സൃഷ്ടിക്കാൻ രാജ്യത്തിന് കഴിയും.
















Comments