ശ്രീനഗർ: സിനിമാ വ്യവസായത്തിന്റെ പ്രിയപ്പെട്ട ഷൂട്ടിംഗ് ലൊക്കേഷനായി ജമ്മു കശ്മീർ മാറിയതായി ജമ്മു & കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. 300-ലധികം സിനിമകളാണ് കുറഞ്ഞ കാലേയളവിൽ ജമ്മു കശ്മീരിൽ ചിത്രീകരിച്ചത്. ജമ്മുവിലെ സീറോ ബ്രിഡ്ജിൽ പുതിയ സീരിയലിന്റെ ആദ്യദിന ഷൂട്ടിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മനോജ് സിൻഹ ഇത് സംബന്ധിച്ച സന്തോഷം പങ്കുവെച്ചത്
കശ്മീരിലേക്ക് സിനിമാ ഷൂട്ടിംഗുകൾ വലിയ രീതിയിൽ തിരിച്ചെത്തുന്നതിൽ സന്തോഷമുണ്ടെന്ന് മനോജ് സിൻഹ പറഞ്ഞു. ഇത് പ്രദേശത്തിന്റെ സാമ്പത്തിക ഉയർച്ചയ്‌ക്ക് കൂടുതൽ സംഭാവന നൽകും. ഫിലിം ടൂറിസത്തിന്റെ പുനരുജ്ജീവനത്തിന് പ്രദേശം സാക്ഷ്യം വഹിക്കുകയാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
1980-ലെ ഹോളിവുഡ്, ബോളിവുഡ് സിനിമകൾ കാശ്മീരിൽ ചിത്രീകരിച്ച കാലഘട്ടം തിരിച്ചുവരികയാണ്. ഫിലിം ടൂറിസത്തിന്റെ പുനരുജ്ജീവനം സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുകയും പ്രദേശവാസികൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുകയും ചെയ്യും. ജമ്മു കശ്മീരിൽ അടുത്തിടെ 300-ലധികം സിനിമകളാണ് ചിത്രീകരിച്ചത് സിൻഹ പറഞ്ഞു.
1960 നും 1980 നും ഇടയിൽ സിനിമാ വ്യവസായത്തിന്റെ ആസ്ഥാനമായിരുന്നു കാശ്മീർ. കശ്മീർ കി കലി, കഭി കഭി, സിൽസില, ബേതാബ് തുടങ്ങിയ ഹിറ്റ് സിനിമകൾ താഴ്‌വരയിലാണ് ചിത്രീകരിച്ചത്.
എന്നാൽ, 1989-ൽ തീവ്രവാദി ആക്രമണ ഭീഷണിയെത്തുടർന്ന് കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ സിനിമാ തിയേറ്ററുകൾ അടച്ചുപൂട്ടുകയും സിനിമാ ചിത്രീകരണങ്ങൾ പൂർണമായും നിലക്കുകയും ചെയ്തു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ അശാന്തിയും അരാക്ഷിതാവസ്ഥയും പതുക്കെ നീങ്ങി. തീവ്രവാദ ആക്രമണങ്ങളും ഇല്ലാതായി. ഇതൊടെ താരങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാവുകയും ചെയ്തു. അതൊടെ ചലചിത്ര താരങ്ങൾ കശ്മീരിൽ ഷൂട്ടിംഗിന് വരാൻ തയ്യാറാകുന്ന സാഹചര്യം സംജാതമാവുകയായിരുന്നു. ഇന്ന് നിരവധി സിനിമകളാണ് ഒരേ ദിവസം ജമ്മു കശ്മീരിൽ ചിത്രീകരിക്കപ്പെടുന്നത്.
















Comments