കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസിൽ ആദ്യമായി യാത്ര ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നിന്നും എറണാകുളത്തേക്കാണ് യാത്ര. 3.40ന് പുറപ്പെട്ട ട്രെയിനിലെ എക്സ്ക്യൂട്ടീവ് കോച്ചിലാണ് മുഖ്യമന്ത്രി യാത്ര ചെയ്യുന്നത്. കന്നിയാത്രയിൽ മുഖ്യമന്ത്രിക്കൊപ്പം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, പോലീസ് ഉദ്യോഗസ്ഥർ അടക്കമുളളവരുണ്ട്. മകൾ വീണാ വിജയന്റെ പേരിൽ ആരോപണങ്ങളുയർന്ന സാഹചര്യത്തിൽ പ്രതിഷേധം നടക്കാൻ സാധ്യതയുള്ളതിനാൽ വൻ സുരക്ഷവലയത്തിലാണ് യാത്ര.
മുഖ്യമന്ത്രി വരുന്നതിന് മുന്നോടിയായി കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വലിയ സുരക്ഷാസന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. യാത്രയ്‌ക്ക് മുമ്പ് ട്രാക്കുകളിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയടക്കം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹവും റെയില്‍വേ പോലീസും സ്റ്റേഷനിൽ ഉണ്ടായിരുന്നു. ഡോഗ് സ്‌ക്വാഡും സ്‌റ്റേഷനിലെത്തി. സുരക്ഷാപ്രശ്നങ്ങൾ കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നാണ് പോലീസ് വാദം.
വന്ദേ ഭാരത് എക്സ്പ്രസിന് നേരെ നിരന്തരം കല്ലേറുണ്ടാകുന്നതിനാൽ മുഖ്യമന്ത്രി ഇറങ്ങുന്ന എറണാകുളം സ്റ്റേഷൻ വരെ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കൂത്തുപറമ്പില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി കണ്ണൂരിലേക്ക് പോയത്. വന്ദേഭാരതിന്റെ ഉദ്ഘാടനചടങ്ങില്‍ പ്രധാനമന്ത്രിയോടൊപ്പം മുഖ്യമന്ത്രി പങ്കെടുത്തിരുന്നെങ്കിലും യാത്ര ചെയ്തിരുന്നില്ല.
Comments