ശ്രീനഗർ: പാക് ഐഎസ്‌ഐയുമായി രഹസ്യ ബന്ധം, ജമ്മു കശ്മീർ ബാങ്കിന്റെ ചീഫ് മാനേജറെ ജോലിയിൽ നിന്നും പുറത്താക്കി. ജമ്മു കശ്മീരിലെ പൊതുമേഖലാ ബാങ്കിലെ മാനേജറായിരുന്ന സജാദ് അഹമ്മദ് ബസാസിയെയാണ് ജോലിയിൽ നിന്ന് പിരിച്ച് വിട്ടത്. ജമ്മു കശ്മീർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് പാക് ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഐഎസ്‌ഐ അജണ്ട നടപ്പിലാക്കുക എന്ന ഉദ്ദേശത്തൊടെ ഇയാൾ പ്രാദേശിക പത്രങ്ങളിൽ പാക് അനുകൂല ലേഖനങ്ങൾ എഴുതിയിരുന്നു. എല്ലാ ലേഖനങ്ങളും ജമ്മുവിലെ വിഘടനവാദ-തീവ്രവാദ പ്രവർത്തനങ്ങളെ മഹത്വവൽക്കരിക്കുന്ന രീതിയിലുള്ളതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ബാങ്ക് മാനേജരെന്ന് മറച്ച് വെച്ച് വ്യത്യസ്ത പേരുകളിലാണ് ഇയാൾ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചത്.
പാക് ഐഎസ്‌ഐയുമായ ബന്ധമുള്ള ഗ്രേറ്റർ കശ്മീർ പത്രത്തിന്റെ ഉടമയും എഡിറ്ററുമായ ഫയാസ് കാലൂ മുഖേനയാണ് ഇയാൾ ജമ്മു ആൻഡ് കശ്മീർ ബാങ്കിൽ ജോലി നേടിയത്. ജോലി ചെയ്തിരുന്നപ്പോഴും നിയമവിരുദ്ധമായി ഗ്രേറ്റർ കശ്മീരിന്റെ കറസ്‌പോണ്ടന്റ്-കം-കോളമിസ്റ്റായി പ്രവർത്തിച്ചിരുന്നു,
ശ്രീനഗർ സ്വദേശിയായ സജാദ് അഹമ്മദ് ബസാസി 1990-ലാണ് ജമ്മു ആൻഡ് കാശ്മീർ ബാങ്കിൽ കാഷ്യർ-കം-ക്ലാർക്ക് ആയി ജോലിയിൽ പ്രവേശിച്ചത്. തുടക്കത്തിൽ കാഷ്യർ-കം-ക്ലർക്ക് ആയി നിയമിതനായ സജാദിന് 2004-ൽ ഇന്റേണൽ കമ്മ്യൂണിക്കേഷൻ തലവനായി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് ചീഫ് മാനേജരുടെ പോസ്റ്റും ലഭിച്ചു. ഇതൊടെ ബാങ്കിന്റെ ഫണ്ട് ഉപയോഗിച്ച് ഇയാൾ വിഘടനവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്ന മാദ്ധ്യമങ്ങൾക്ക് ധനസഹായം നൽകി. 2015 മുതൽ 2023 വരെയുള്ള വർഷങ്ങളിൽ ഗ്രേറ്റർ കശ്മീരിന് ഇത്തരത്തിൽ പണം നൽകിയതായും സൂചനയുണ്ട്. സജാദ് അഹമ്മദ് ബസാസിക്ക് ജമ്മു കശ്മീർ ബാങ്കിൽ 68 അക്കൗണ്ടുകൾ ഉളളതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്.
Comments