മോസ്‌കോ: ഇന്ത്യയുടെ ചന്ദ്രയാൻ -3 നൊപ്പം ചന്ദ്രനിൽ ഇറങ്ങുമെന്ന് പ്രതീക്ഷിച്ച ലൂണ 25′ തകർന്ന് വീണതായി റഷ്യ സ്ഥിരീകരിച്ചു. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച റഷ്യയുടെ പേടകമായ’ലൂണ 25′ ചന്ദ്രനിൽ ഇടിച്ച് വീണതായി റഷ്യയുടെ ബഹിരാകാശ ഏജൻസിയാണ് അറിയിച്ചത്. പേടകത്തിന് സാങ്കേതിക തകരാർ ഉണ്ടായതായി ഏജൻസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ നാളെ ഇറങ്ങാനിരിക്കെയാണ് ലൂണ തകർന്ന് വീണത്. ചന്ദ്രനിൽ ഇറങ്ങുന്നതിന് മുന്നോടിയായി പേടകം താഴ്‌ത്തുന്ന സമയത്താണ് സാങ്കേതിക പ്രശ്‌നം നേരിട്ടത്. ഇതിന് പിന്നാലെയാണ് ലൂണ 25 തകർന്നതായി റഷ്യ സ്ഥിരീകരിച്ചത്.
ചന്ദ്ര ഗർത്തങ്ങളുടെ ആദ്യ ദൃശ്യങ്ങൾ റഷ്യ ഇന്നലെ പുറത്തുവിട്ടിരുന്നു. അരനൂറ്റാണ്ടിന്റെ ഇടവേളയ്‌ക്ക് ശേഷം ഓഗസ്റ്റ് 11 -നാണ് ചന്ദ്രനിലേക്ക് റഷ്യ പേടകം അയച്ചത്. 800 കിലോഗ്രാം ഭാരമുള്ള ലാൻഡറിനെ ചന്ദ്രനിലിറക്കി ചന്ദ്രന്റെ ആന്തരിക ഘടന, ജലസാന്നിധ്യം എന്നിവയിൽ പഠനം നടത്തുക എന്നതായിരുന്നു റഷ്യയുടെ ലക്ഷ്യം.
















Comments