ന്യൂയോർക്ക്: ഇന്ത്യൻ ദമ്പതിമാരെയും മകനെയും യുഎസ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. യോഗേഷ് എച്ച് നാഗരാജപ്പ (37), ഭാര്യ പ്രതിഭ അമർനാഥ് (35), മകൻ യഷ് (6) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ടെക്കികളായ ദമ്പതികളുടെ മൃതദേഹം മെറിലാൻഡിലെ വസതിയിൽ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ഭാര്യയെയും മകനെയും വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം യോഗേഷ് ആത്മഹത്യ ചെയ്തതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ചൊവ്വാഴ്ചയായിരുന്നു അവസാനമായി ഇവരെ കണ്ടതെന്ന് സമീപവാസികൾ പറഞ്ഞു. കർണാടകയിലെ ദാവൻഗരെ സ്വദേശികളാണ് യോഗേഷും പ്രതിഭയും. ഇരുവരും 9 വർഷമായി ജോലി ചെയ്യുന്നവരാണ്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് ദമ്പതികളുടെ ബന്ധുക്കൾ പറഞ്ഞു. ഇരുവരും വിവാഹ ശേഷം അമേരിക്കയിൽ സ്ഥിരതാമസമാണെന്നും ബന്ധുക്കൾ പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് യോഗേഷ് വിളിച്ചിരുന്നെന്നും അപ്പോൾ പ്രശ്നങ്ങൾ ഉള്ളതായി തോന്നിയിരുന്നില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. അതേസമയം ഇവർ മൂന്ന് ദിവസം മുൻപാണ് ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലാണ് പോലീസും പ്രദേശവാസികളും.
Comments