തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയുടെ മറവിലുള്ള തട്ടിപ്പുകൾക്ക് തടയിടുന്നതിനായി ഡ്രോൺ പരീക്ഷണത്തിനൊരുങ്ങി കേന്ദ്രം. ഫീൽഡ് തല നിരീക്ഷണ സംവിധാനങ്ങൾ പലയിടത്തും അട്ടിമറിക്കുന്നുണ്ടെന്ന് തെളിഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡ്രോൺ ഏർപ്പെടുത്തണമെന്ന കേന്ദ്ര നിർദ്ദേശം എത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര തൊഴിലുറപ്പ് മിഷൻ ജൂലൈയിൽ പുറത്തിറക്കിയ സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജ്യർ സംസ്ഥാനങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.
ഇതിനായി ജില്ലാ ഭരണകൂടങ്ങൾ അംഗീകൃത ലൈസൻസികളിൽ നിന്നും ഡ്രോണുകൾ വാടകയ്ക്കെടുക്കണമെന്നും നിർദ്ദേശത്തിൽ പരാമർശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വനമേഖലകളിലും ഊരുകളിലും ഡ്രോണുകൾ പറത്തുന്നത് എത്രമാത്രം വിജയകരമാകും എന്നത് സംബന്ധിച്ചും ആശങ്കകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിലുള്ള നീക്കം പരമാവധി മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതോടെ ജോലി ചെയ്യുന്നുവെന്ന വ്യാജേനയുള്ള തട്ടിപ്പുകൾ ഒരു പരിധി വരെ കുറയുമെന്നാണ് വിലയിരുത്തൽ. അതേസമയം പദ്ധതിയുടെ അപാകതകൾ കണ്ടെത്തുന്നതിനും കുറ്റമറ്റതാക്കുന്നതിനും വേണ്ട നീക്കൾ ആരംഭിക്കും. ഇതിനായി തദ്ദേശസ്ഥാപനങ്ങൾക്ക് മേൽനടപടി സ്വീകരിക്കുന്നതിനും തൊഴിലുറപ്പ് ഓംബുഡ്മാൻമാർക്ക് കൂടുതൽ നിർദ്ദേശങ്ങളും നൽകിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.
നിർദ്ദേശാനുസരണം പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് യൂണിറ്റുകൾ എല്ലാ ഓഡിറ്റ് റിപ്പോർട്ടുകളും ഓംബുഡ്സ്മാന് കൈമാറേണ്ടതുണ്ട്. തുടർന്ന് ഇതിൽ കണ്ടെത്തുന്ന അപാകതകൾ ഓംബുഡ്സ്മാൻ രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തി പ്രശ്നപരിഹാരം നടത്തുകയുമാണ് ചെയ്യേണ്ടത്. രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ തൊഴിലാളികൾ പണിസ്ഥലത്ത് ഉണ്ടായിരിക്കണം എന്നതാണ് വ്യവസ്ഥ. ജോലിക്ക് മേൽനോട്ടം വഹിക്കുന്നതിനായി മേറ്റിനെ ചുമതലപ്പെടുത്തും.
എന്നാൽ ഇവരെ സ്വാധീനിച്ച് എല്ലാവരും ജോലി സ്ഥലത്ത് ഉണ്ടായിരുന്നതായി റിപ്പോർട്ട് നൽകുന്ന സാഹചര്യവുമുണ്ട്. രാവിലെ ഒമ്പതിനും പത്തിനും ഇടയിലും വൈകിട്ട് നാലിനും അഞ്ചിനും ഇടയിലും ജോലിസ്ഥലത്ത് നിന്ന് തൊഴിലാളികളുടെ ഫോട്ടോ സൂപ്പർവൈസർ എടുക്കാറുണ്ട്. ചിലർ ഈ സമയം മാത്രം എത്തി ഫോട്ടോ എടുത്ത് മടങ്ങുന്ന സാഹചര്യവും കണ്ടെത്തിയതിനെ തുടർന്നാണ് ഡ്രോൺ നിർദ്ദേശം.
Comments