ന്യൂ ഡെൽഹി: തന്റെ അന്താരാഷ്‌ട്ര ക്രിക്കറ്റ് കരിയറിൽ നിന്നും വിരമിച്ചിട്ട് ഏകദേശം ഒരു പതിറ്റാണ്ടായെങ്കിലും ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറുടെ ജനപ്രീതി അൽപ്പം പോലും കുറഞ്ഞിട്ടില്ല. എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്ന സച്ചിൻ, വിവിധ ബ്രാൻഡുകളുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നത് തുടരുന്നുണ്ട്. അദ്ദേഹത്തിന്റെ ഈ ജനപ്രീതി രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് ഉപകാരപ്പെടുത്താൻ ഒരുങ്ങുകയാണ് ഭാരതത്തിന്റെ തിരഞ്ഞെടുപ്പ് കമ്മീഷൻ. അതിന്റെ ഭാഗമായി ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറെ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി അംഗീകരിക്കാൻ ഒരുങ്ങുകയാണ്.
ഓഗസ്റ്റ് 23 ബുധനാഴ്ച ന്യൂഡൽഹിയിലെ രംഗ്ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഭാരതരത്‌ന പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ചിഹ്നമായി അംഗീകരിക്കും. ഇതിനു മുന്നോടിയായി സച്ചിനും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ ധാരണാപത്രം ഒപ്പിടും. വോട്ടർ ബോധവത്കരണം നടത്തുന്നതിനായി മൂന്ന് വർഷത്തെ കരാർ ആണ് സച്ചിൻ ഒപ്പിടുക.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ, പ്രത്യേകിച്ച് 2024 ലെ ലോക്‌സഭ പൊതുതെരഞ്ഞെടുപ്പിൽ യുവാക്കളായ വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് സച്ചിന്റെ സമാനതകളില്ലാത്ത സ്വാധീനം പ്രയോജനപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പ് ഈ സഹകരണം കൊണ്ട് ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവനയിൽ പറഞ്ഞു. നഗരങ്ങളിലെ യുവാക്കളുടെ ഇടയിൽ ജനാധിപത്യ പ്രക്രിയയോടുള്ള താത്പര്യമില്ലായ്മ നേരിടാൻ സച്ചിൻ ടെണ്ടുല്ക്കറുടെ സ്വാധീനം ഉപയോഗിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കരുതുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എംഎസ് ധോണി, ആമിർ ഖാൻ, മേരി കോം തുടങ്ങിയ പ്രമുഖർ ദേശീയ ഐക്കണുകളായിരുന്നു.കഴിഞ്ഞ വർഷം നടൻ പങ്കജ് ത്രിപാഠിയെ കമ്മീഷൻ ദേശീയ ഐക്കണായി അംഗീകരിച്ചിരുന്നു.
24 വർഷത്തെ കരിയറിൽ, സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യക്കായി 200 ടെസ്റ്റുകളും 463 ഏകദിനങ്ങളും കളിച്ചു, ലോക റെക്കോർഡ് റണ്ണുകളും (ടെസ്റ്റിൽ 15921, ഏകദിനത്തിൽ 18426) സെഞ്ചുറികളും (ടെസ്റ്റിൽ 51, ഏകദിനത്തിൽ 49) നേടി.അദ്ദേഹം ആറ് ലോകകപ്പുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 2011 ലോകകപ്പ് ജേതാക്കളായ ടീമിലും അദ്ദേഹം അംഗമായിരുന്നു.
















Comments