തിരുവനന്തപുരം: ഗണപതി ഭഗവാനെ അവഹേളിച്ച സംഭവത്തിൽ പ്രതിഷേധം കത്തുന്നതിനിടയിൽ വിശദീകരണവുമായി സ്പീക്കർ എഎൻ ഷംസീർ. ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണമെന്ന് പറഞ്ഞതിന് വേട്ടയാടപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ പറയാനാവത്ത അവസ്ഥയുണ്ടായാൽ കേരളത്തിന്റെ പോക്ക് എങ്ങോട്ടാണെന്നും സ്പീക്കർ ചോദിച്ചു.
ഗണപതി മിത്താണെന്ന് പരാമർശത്തിൽ കേരളത്തിൽ മുഴുവൻ പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് സ്പീക്കറുടെ വിശദീകരണം. സിനിമാ സാംസ്‌കാരിക മേഖലയിൽ പ്രമുഖരാണ് ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയതിൽ പ്രതികരണവുമായി രംഗത്തെത്തിയത്. പാലക്കാട് ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവത്തിൽ നടൻ ഉണ്ണി മുകുന്ദൻ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, നടി അനുശ്രീ എന്നിവർ രൂക്ഷമായി പ്രതിഷേധം അറിയിച്ചു. എറണാകുളത്ത് നടന്ന ഗണേശോത്സവത്തിൽ നടൻ ജയസൂര്യയും വിശ്വാസ സമൂഹത്തെ വ്രണപ്പെടുത്തിയതിനെതിരെ രംഗത്ത് വന്നിരുന്നു.
നട്ടെല്ലില്ലാത്താവർ അല്ല ഹൈന്ദവരെന്നും എന്റെ വിശ്വാസത്തെ പറഞ്ഞാൽ പ്രതികരിക്കുമെന്നുമാണ് അനുശ്രീ പറഞ്ഞത്. തന്റെ വിശ്വാസത്തെ അവഹേളിച്ചാൽ അതിനെതിരെ ശബ്ദമുയർത്താൻ പ്രത്യേക നട്ടെല്ലിന്റെ ആവശ്യമൊന്നുമില്ലെന്നാണ് ഉണ്ണി മുകുന്ദൻ പ്രതികരിച്ചത്. ആരുടെ മുന്നിലും നട്ടെല്ല് നിവർത്തി തന്റെ വിശ്വാസത്തിന് വേണ്ടി സംസാരിക്കുമെന്നാണ് അഭിലാഷ് പിള്ള പറഞ്ഞത്. ഓരോ മനുഷ്യരുടെയും വിശ്വാസം അവർക്ക് പ്രിയപ്പെട്ടതാണെന്നും മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്താതെ സ്വന്തം വിശ്വാസത്തെ മുറുകെ പിടിച്ച് ജീവിക്കാൻ ഓരോ മനുഷ്യനും അവകാശമുണ്ടെന്നാണ് നടൻ ജയസൂര്യ പറഞ്ഞത്.
















Comments