കോഴിക്കോട്: തിരുവോണം ബംബറെന്ന വ്യാജേന ഓണസമ്മാനമായി നറുക്കെടുപ്പിലൂടെ വിദേശ മദ്യം എന്ന കൂപ്പൺ വൈറലായിരുന്നു. സംഭവം വളരെ പെട്ടെന്നായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ ഇടം നേടിയത്. പിന്നാലെ ഇത്തരത്തിൽ ഓണത്തിന് മദ്യം സമ്മാനമായി നൽകുന്നത് കുറ്റകരമാണെന്ന മുന്നറിയിപ്പ് നൽകി എക്‌സൈസും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കൂപ്പൺ പ്രിന്റ് ചെയ്ത സംഭവത്തിൽ എക്‌സൈസ് ഒരാളെ അറസ്റ്റ് ചെയ്തു. ബേപ്പൂർ സ്വദേശി ഷിംജിത്താണ് പിടിയിലായത്.
കോഴിക്കോട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി ശരത് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഒന്നാം സമ്മാനം രണ്ടാം സമ്മാനം എന്നിങ്ങനെ വിവിധ ബ്രാൻഡ് മദ്യമാണ് കൂപ്പണിൽ നൽകുമെന്ന് പ്രിന്റ് ചെയ്തിരുന്നത്. ആയിരം കൂപ്പണാണ് ഇയാൾ നറുക്കെടുപ്പിനായി അച്ചടിച്ചത്. ഇതിൽ 700 വിൽപ്പന നടത്താത്ത കൂപ്പണുകൾ കണ്ടെത്തി. കൂടാതെ 300 എണ്ണം വിൽപ്പന നടത്തിയതിന്റെ കൗണ്ടർഫോയിലുകളും എക്‌സൈസ് പിടിച്ചെടുത്തിരുന്നു.
അബ്കാരി ആക്ട് 55 എച്ച് പ്രകാരമാണ് ഇയാളുടെ പേരിൽ കേസെടുത്തത്. ഇത്തരം കൂപ്പണുകൾ സാമൂഹികമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവരുടെ പേരിൽ കർശന നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് വ്യക്തമാക്കി. പ്രിവന്റീവ് ഓഫീസർ അനിൽദത്ത് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സിപി ഷാജു, വിവ വിനു, എംഎം ബിബിനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments