പത്തനംതിട്ട: സിപിഎം ഭരണത്തിലുള്ള നെടുമ്പ്രം പഞ്ചായത്തിൽ കുടുംബശ്രീ പദ്ധതികളുടെ മറവിൽ വൻ തട്ടിപ്പ്. ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായാണ് സൂചന. സംഭവത്തിന് പിന്നാലെ കുടുംബശ്രീ ഓഡിറ്റ് വിഭാഗം കഴിഞ്ഞ പത്ത് വർഷത്തോളമായുള്ള ഫയലുകൾ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്തു. സിപിഎം നേതാക്കളുടെ ഒത്താശയോടെയാണ് വൻ സാമ്പത്തിക തിരിമറി നടന്നിരിക്കുന്നതെന്നാണ് ബിജെപി, കോൺഗ്രസ് ആരോപണം.
നടപ്പിലാക്കിയിട്ടില്ലാത്ത പദ്ധതികളുടെയും സംരംഭങ്ങളുടെയും മറവിൽ പഞ്ചായത്തിൽ ലക്ഷങ്ങളുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് ആരോപണം. സിഡിഎസ്, ചെർപേഴ്സൺ, മുൻ വിഇഒ, അക്കൗണ്ടന്റ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയെന്നാണ് സൂചന. പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പഞ്ചായത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ ഓഡിറ്റ് വിഭാഗമെത്തി 2013 മുതലുള്ള അനുബന്ധ ഫയലുകൾ പരിശോധനയ്ക്കായി കൊണ്ടുപോകുകയായിരുന്നു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് ബിജെപിയുടെ ആവശ്യം. എന്നാൽ ഓഡിറ്റ് റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം മാത്രമേ സാമ്പത്തിക ക്രമക്കേട് നടന്നിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂ. കുടുംബശ്രീ ജില്ലാ മിഷന്റെ ഫയൽ പരിശോധന അടുത്ത ആഴ്ചയോടെ പൂർത്തിയാകും. ക്രമക്കേട് കണ്ടെത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ജില്ലാ പ്രൊജക്ട് ഓഫീസർ അറിയിച്ചു.
















Comments