പാലക്കാട്: ഡോക്ടർ നൽകിയ വൂണ്ട് സർട്ടിഫിക്കറ്റിനെ തുടർന്ന് പ്രതിസന്ധിയിലായി പാലക്കാട് സ്വദേശി വിജയകൃഷ്ണൻ. വാഹനാപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിയ വിജയകൃഷ്ണന് മദ്യത്തിന്റെ ഗന്ധമുണ്ടെന്ന് ഡോക്ടർ വൂണ്ട് സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. ഇതാണ് ഇന്നേവരെ മദ്യപിച്ചിട്ടില്ലാത്ത വിജയ കൃഷ്ണനെ കുരുക്കിലാക്കിയിരിക്കുന്നത്. ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇനി ലഭ്യമാകുമോ എന്ന ആശങ്കയിലാണ് ഇദ്ദേഹം.
2022 ഏപ്രിലിലാണ് വിജയകൃഷ്ണൻ ഓടിച്ച ലോറിയും ക്രെയിനുമായി കൂട്ടിയിടിക്കുന്നത്. ഉടൻ തന്നെ ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് ഡോക്ടർ വിദ്ഗധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജിൽ കൊണ്ടുപോകുന്നതിനും നിർദ്ദേശം നൽകി. എന്നാൽ ഈ സമയം ജില്ലാ ആശുപത്രിയിൽ നിന്നും പോലീസിന് നൽകിയ വൂണ്ട് സർട്ടിഫിക്കറ്റിൽ മദ്യത്തിന്റെ ഗന്ധമുണ്ടെന്ന് ഡോക്ടർ രേഖപ്പെടുത്തിയിരുന്നു.
മാസങ്ങൾക്ക് ശേഷം ഇൻഷുറൻസിനായി അപേക്ഷിച്ചപ്പോഴാണ് വിജയകൃഷ്ണൻ സംഭവം അറിയുന്നത്. ഇത് സംബന്ധിച്ച് യാതൊരു പരിശോധനയും നടത്തിയിട്ടില്ലെന്ന് വിജയകൃഷ്ണൻ പറയുന്നു. തൃശൂർ മെഡിക്കൽ കോളേജിലേക്ക് നിർദ്ദേശിച്ചപ്പോൾ നൽകിയ കുറിപ്പിലും ഇക്കാര്യങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. പോലീസ് നിർദ്ദേശിക്കാതെ ഡോക്ടറിന് ലഹരിപരിശോധന നടത്താൻ അനുവാദമില്ല. ഈ മാനദണ്ഡവും മറികടന്നാണ് ഡോക്ടർ വിജകൃഷ്ണൻ മദ്യപിച്ചെന്ന തരത്തിൽ വൂണ്ട് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്.
















Comments