ന്യൂഡൽഹി: എട്ട് ബില്യൺ ഡോളറിന് 100 യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യൻ വ്യോമസേന. പുതിയ യുദ്ധവിമാനങ്ങൾ കൂടി വ്യോമസേനയ്‌ക്ക് സ്വന്തമാകുന്നതോടെ ഇന്ത്യയുടെ പ്രതിരോധ മേഖല കൂടുതൽ കരുത്തുറ്റതാകും. 100 ഫൈറ്റർ ജെറ്റുകളാണ് വ്യോമസേന വാങ്ങാൻ പദ്ധതിയിട്ടിരിക്കുന്നത്.
ഇന്ത്യൻ വ്യോമസേനാ മേധാവി മാർഷൽ വിആർ ചൗധരി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ചുള്ള നടപടികൾ പ്രതിരോധ മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ എയർഫോഴ്‌സ് മിഗ്-21 യുദ്ധവിമാനങ്ങൾക്ക് പകരമായി മെയ്ഡ് ഇൻ ഇന്ത്യ വിമാനങ്ങളാണ് പുതിയതായി വാങ്ങുക.
അടുത്ത 15 വർഷത്തിനുള്ളിൽ 40 എൽസിഎ വിമാനങ്ങളും 180-ലധികം എൽസിഎ മാർക്ക്-1എയും, 120 എൽസിഎ മാർക്ക്-2 വിമാനങ്ങളും ഉണ്ടാകും. ആത്മനിർഭർ ഭാരത്, മെയ്‌ക്ക് ഇൻ ഇന്ത്യ സംരംഭങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. സ്വകാര്യ പ്രതിരോധ എയ്റോസ്പേസ് മേഖലയ്‌ക്ക് ഉത്തേജനം നൽകുന്നതിനുള്ള ഈ പദ്ധതിയ്‌ക്ക് ഉടൻ അനുമതി ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Comments