തിരുവനന്തപുരം: നിയമസഭാ ജീവനക്കാർക്കായി ഓണസദ്യ ഒരുക്കിയ സാപീക്കർക്ക് അവസാനം സദ്യ ലഭിച്ചില്ല.സദ്യയുണ്ണാനെത്തിയ സ്പീക്കർ എഎൻ ഷംസീറും പേഴ്‌സണൽ സ്റ്റാഫും 20 മിനിറ്റോളം കാത്തിരുന്നിട്ടും ഊണ് ലഭിച്ചില്ല. ഒടുവിൽ പായസവും പഴവും മാത്രം കഴിച്ച് സ്പീക്കറും സംഘവും മടങ്ങി. സർക്കാർ ചെലവിൽ നടത്തിയ ഓണസദ്യയാണ് പാളിയത്.
1300 പേർക്കായി ഒരുക്കിയ ഓണസദ്യയാണ് 800 പേർക്ക് മാത്രം വിളമ്പി അവസാനിപ്പിച്ചത്. 400 പേർക്ക് ഇരിക്കാവുന്ന ഹാളിലാണ് സദ്യ വിളമ്പിയത്. ആദ്യത്തെ പന്തിയിൽ എല്ലാവർക്കും സദ്യ ലഭിച്ചു. രണ്ടാമത്തെ പന്തിയിൽ പകുതിപ്പേർക്ക് വിളമ്പിയപ്പോൾ തീർന്നു. ഇതേ സമയത്താണ് സ്പീക്കറും സംഘവും എത്തിയത്. ഇവർക്ക് കസേര ക്രമീകരിച്ച് ഇലയിട്ടെങ്കിലും 20 മിനിറ്റോളം കാത്തിരുന്നിട്ടും സദ്യ എത്തിയില്ല. തുടർന്ന് പായസവും പഴവും എത്തിച്ചു നൽകി. ഇത് കഴിച്ച് സ്പീക്കറും സംഘവും പന്തി വിടുകയായിരുന്നു.
രണ്ടാം പന്തിയിൽ കാത്തിരുന്നവർക്ക് ഏറെ വൈകി ഊണ് എത്തിച്ച് കൊടുത്തതോടെ ഓണസദ്യ അവസാനിച്ചു. സദ്യ പ്രതീക്ഷിച്ച് വന്ന പലരും പൊറോട്ടയും ചപ്പാത്തിയും കഴിച്ച് പിരിഞ്ഞു. സദ്യ അലങ്കോലമായതിനെ കുറിച്ച് അന്വേഷിക്കാൻ സ്പീക്കർ നിർദ്ദേശിച്ചിട്ടുണ്ട്.
















Comments