ശ്രീനഗർ: ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാ സേന. വടക്കൻ കശ്മീരിലെ ബന്ദിപ്പോരയിൽ ഭീകരാക്രമണം നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. ജമ്മു കശ്മീർ പോലീസും അസം റൈഫ്ൾസും സംയുക്തമായി നടത്തിയ തിരച്ചിലാണ് ഫലം കണ്ടത്.
പ്രദേശത്ത് ഭീകര സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് പെത്കൂട്ടിലെ പോലീസ് സ്റ്റേഷനിൽ പോലീസ് ചെക്ക് പോയിന്റ് സജ്ജമാക്കിയിരുന്നു. സംശയാസ്പദമായ ഒരാൾ പ്രദേശത്ത് നിന്നും ഓടി പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. പിന്നാലെ തന്ത്രപരമായി ഇയാളെ പിടികൂടി. ഹൈബ്രിഡ് ഭീകരനായ നെസ്ബാൽ സുംബലിലെ ഷഹയത്ത് സുബൈർ റിഷിയാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും തോക്കും പിസ്റ്റൾ മാഗസിനും കണ്ടെടുത്തിരുന്നു. പസൽപോറ മേഖലയിൽ കൊല്ലപ്പെട്ട ഭീകരനും ഏരിയ കമാൻഡറുമായ യൂസഫ് ചൗപാന്റെ ഭാര്യ മുനീറ ബീഗത്തിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കാൻ പോകുകയായിരുന്നെന്ന് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തി. ഇവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
1999-ൽ പാകിസ്താനിലേക്ക് പലായനം ചെയ്ത ഭീകരൻ മുഷ്താഖ് അഹമ്മദ് മിറുമായി പ്രതിക്ക് ബന്ധമുണ്ട് . 2000-ൽ കോത്തിബാഗ് ഐഇഡി സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ട സംഭവത്തിലും പ്രതിക്ക് പങ്കുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. 2009-ൽ സുംബലിൽ സൈനിക വാഹനം കത്തിച്ച സംഭവത്തിലും ഷഫായത്ത് സുബൈർ റിഷിക്ക് പങ്കുണ്ട്. ഈ കേസിൽ ജാമ്യത്തിലാണ്.
മുനീറ ബീഗത്തിന്റെ വെളിപ്പെടുത്തലിൽ ഷഫയത്ത് റിഷിക്ക് കൈമാറാൻ എകെ 47 റൈഫിൾ, മൂന്ന് മാഗസിനുകൾ, 90 റൗണ്ടുകൾ, ഒരു പേന പിസ്റ്റൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും സമീപത്തെ വനമേഖലയിൽ നിന്ന് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ മുനീറ രണ്ടുതവണ പാകിസ്തനിലേക്ക് പോയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Comments